

അക്ബറിനും ടിപ്പു സുൽത്താനും ഇനി മഹാന്മാരെന്ന വിശേഷണമില്ല; ചരിത്ര പുസ്തകങ്ങളിൽ പരിഷ്ക്കരണവുമായി ആർഎസ്എസ്
മുംബൈ: ചരിത്ര പുസ്തകങ്ങളിൽ മാറ്റങ്ങളുമായി ആർഎസ്എസ്. മുകൾചക്രവർത്തിയായിരുന്ന അക്ബറിനും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനും മഹാന്മാരെന്ന വിശേഷണം ഒഴിവാക്കിയതായി ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ അറിയിച്ചു. നാഗപുരിൽ നടത്തിയ ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റുവല്ലിലാണ് പരാമർശം.
പുസ്തകത്തിൽ നിന്നും ആരെയും മാറ്റിയിട്ടില്ലെന്നും യുവതലമുറ അവരുടെ ചെയ്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്ര പുസ്തകങ്ങളിൽ മാറ്റം വരുത്തുന്നത് എൻസിഇആർടി മുൻകൈയെടുത്താണ്. വരും വർഷങ്ങളിൽ കൂടുതൽ ക്ലാസുകളിലെ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
11 പാഠപുസ്തകങ്ങളാണ് എൻസിഇആർടി പരിഷ്ക്കരിച്ചത്. ഒൻപത്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരിഷ്കരിച്ച പുസ്തകങ്ങൾ അടുത്തവർഷം കൊണ്ടുവരും. ഇനിയും പരിഷ്കരണങ്ങളുണ്ടാവുമെന്നും പരിഷ്ക്കരണങ്ങൾ നല്ലതാണെന്നും അദ്ദേഹം പ്രതികരിച്ചു.