

ജിയോ - ഫെയ്സ്ബുക്ക് ഇടപാട്; റിലയൻസ് ഗ്രൂപ്പിനെതിരേ 30 ലക്ഷം പിഴ ചുമത്തിയ നടപടി സുപ്രീം കോടതി ശരിവച്ച്
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും (rbl) അതിന്‍റെ രണ്ട് മുതിർന്ന ഓഫീസർമാർക്കുമെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചുമത്തിയ പിഴ ശരിവച്ച് സുപ്രീം കോടതി. ജിയോ - ഫെയ്സ് ബുക്ക് ഇടപാട് സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് സെബി പിഴ വിധിച്ചത്.
സെബി ചുമത്തിയ പിഴ ശരിവച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ തീരുമാനത്തിനെതിരേ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും രണ്ട് ഉദ്യോഗസ്ഥരും നൽകിയ അപ്പീലാണ് ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയത്.
വെളിപ്പെടുത്തൽ വൈകിയെന്ന സെബിയുടെ കണ്ടെത്തലുകൾ ശരിവച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഇത്രയും വലിയ ഒരു ഇടപാടിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ, അത് ഓഹരി വിപണികളെ സാരമായി സ്വാധീനിക്കാൻ സാധ്യതയുള്ളപ്പോൾ, കമ്പനികൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
''സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകൾ നിങ്ങളുടെ ബിസിനസിനെയും ബാധിക്കുകയാണെങ്കിൽ, നിങ്ങൾ അത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇവ ധാർമിക മൂല്യങ്ങളുടെ ഘടകങ്ങളാണ്, അത്തരം കാര്യങ്ങളിൽ യാതൊരു ഇളവുകളും ഉണ്ടാകില്ല. നിങ്ങൾ ഒരു വലിയ സ്ഥാപനമല്ലേ, നിങ്ങളുടെ ഉത്തരവാദിത്തം വലുതല്ലേ. നിങ്ങൾ എല്ലാ നിയന്ത്രണങ്ങളും സൂക്ഷ്മമായി പാലിക്കണം'', ബെഞ്ച് വാദം കേൾക്കുന്നതിനിടെ ആർഐഎല്ലിന്‍റെ അഭിഭാഷകനോട് പറഞ്ഞു.