
സ്വർണം വായ്പ എടുത്താൽ; മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് വീണ്ടും അധികാരമില്ലെന്ന് സുപ്രീം കോടതി
file image
ന്യൂഡൽഹി: സ്വർണം പണയപ്പെടുത്തി വായ്പ എടുത്തു കഴിഞ്ഞാൽ വീണ്ടും അതിന്‍റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് എതിരേ രജിസ്റ്റർ ചെയ്ത കേസിന്‍റെ എഫ്ഐആർ പുനസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിധി എഴുതിയത്.
ബിഹാർ സ്വദേശിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ബിഹാറിലെ മൊതിജീലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ 254 ഗ്രാം സ്വർണം പണയപ്പെടുത്തി പരാതിക്കാരൻ 7.7 ലക്ഷം രൂപ 2020 ജൂലൈയിൽ വായ്പ എടുത്തിരുന്നു. പണം പലിശ ഉൾപ്പെടെ 2023 മാർച്ചിൽ തിരിച്ചടച്ചു. എന്നാൽ, സ്വർണം തിരികെ നൽകാൻ ബാങ്കിന് സാധിച്ചിരുന്നില്ല.
കൃത്യസമയത്ത് പണം അടയ്ക്കാതെ വന്നപ്പോൾ സ്വർണത്തിന്‍റെ മൂല്യം വീണ്ടും പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ആഭരണം വ്യാജമാണെന്നും സ്വർണം പൂശിയ ആഭരണങ്ങളാണ് പരാതിക്കാരൻ വിറ്റതെന്നുമായിരുന്നു ബാങ്കിന്‍റെ വിശദീകരണം.
ഇതിനെതിരേ പരാതിക്കാരൻ 2023 മേയ് 22ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരേ ബാങ്ക് പറ്റ്ന ഹൈക്കോടതിയിൽ ഹർജി നൽകുകയും അനുകൂലവിധി നേടുകയും ചെയ്തു. തുടർന്ന് എഫ്ഐആർ റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേയാണ് പരാതിക്കാരൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.