

അനിത അദ്വാനി, രാജേഷ് ഖന്ന
ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് സൂപ്പർതാരം രാജേഷ് ഖന്നയുമായുള്ള ബന്ധത്തിന് വിവാഹപദവി നൽകണമെന്ന മുൻ നടി അനിത അദ്വാനിയുടെ ഹർജി സുപ്രീം കോടതി തള്ളി. വ്യാഴാഴ്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, ഹർജി പരിഗണിക്കാൻ മതിയായ കാരണമില്ലെന്ന് നിരീക്ഷിച്ചു. ഇതിനെ 'ആഡംബര വ്യവഹാരം' എന്നും കോടതി വിശേഷിപ്പിച്ചു.
2012ൽ രാജേഷ് ഖന്ന മരിക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്നുവെന്ന് അവകാശപ്പെടുന്ന അനിത അദ്വാനി, തനിക്ക് മാന്യതയും അംഗീകാരവുമാണ് വേണ്ടതെന്ന് കോടതിയിൽ വാദിച്ചു. ഹർജി തള്ളിയ ബോംബെ ഹൈക്കോടതിയുടെ ഏപ്രിൽ ഒന്നിലെ ഉത്തരവിനെതിരെയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
തന്റെ സിവിൽ ഹർജിയിലെ ആവശ്യം മാന്യതയുമായി ബന്ധപ്പെട്ടതാണെന്ന് അനിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഹർജി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സുപ്രീം കോടതി എത്തിയത്.
രാജേഷ് ഖന്നയുടെ മരണശേഷം സമാനമായ ആവശ്യം ഉന്നയിച്ച് അനിത നൽകിയ സിവിൽ ഹർജി 2017ൽ മുംബൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ബോംബെ ഹൈക്കോടതിയും തള്ളിയത്. രാജേഷ് ഖന്നയുമായുള്ള ബന്ധത്തിന് നിയമപരമായ അംഗീകാരം നേടാനുള്ള അനിതയുടെ ദീർഘകാല ശ്രമങ്ങൾക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
2012ൽ മുംബൈയിലെ ബാന്ദ്രയിലുള്ള ഖന്നയുടെ ആശീർവാദ് ബംഗ്ലാവിൽ നിന്ന് അദ്ദേഹത്തിന്റെ അകന്നുകഴിഞ്ഞിരുന്ന ഭാര്യ ഡിംപിൾ കപാഡിയയും മകൾ ട്വിങ്കിൾ ഖന്നയും മരുമകൻ അക്ഷയ് കുമാറും ചേർന്ന് തന്നെ പുറത്താക്കിയെന്നാണ് അനിതയുടെ ആരോപണം.
2013ൽ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം ഡിംപിൾ കപാഡിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരേ അനിത മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. പ്രതിമാസ ജീവനാംശവും ബാന്ദ്രയിൽ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റുമായിരുന്നു ആവശ്യം.
എന്നാൽ, രാജേഷ് ഖന്നയുമായുള്ള അനിതയുടെ ബന്ധം വിവാഹത്തിന് തുല്യമായ സ്വഭാവത്തിലുള്ളതല്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതി 2015ൽ പരാതി റദാക്കി. അതിനാൽ ഗാർഹിക പീഡനനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ തേടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അനിത ഒരിക്കലും ഖന്നയുടെ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചിട്ടില്ലാത്തതിനാൽ അവരെ കേസിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
1978ൽ ധർമേന്ദ്രയും സീനത്ത് അമനും പ്രധാന വേഷങ്ങളിലെത്തിയ 'ഷാലിമാർ' എന്ന ചിത്രത്തിൽ നർത്തകിയുടെ ചെറിയ വേഷത്തിലൂടെയായിരുന്നു അനിതയുടെ സിനിമയിലെ അരങ്ങേറ്റം. തുടർന്ന് മറ്റു ഏതാനും സിനിമകളിലും അഭിനയിച്ചു. 2013ൽ സൽമാൻ ഖാൻ അവതാരകനായ 'ബിഗ് ബോസ്' റിയാലിറ്റി ഷോയിലും പങ്കെടുത്തു.
രണ്ട് വർഷം മുൻപ് രാജേഷ് ഖന്നയുടെ ജന്മദിനത്തിൽ 'ദി എൻഡിയറിംഗ്ലി വിക്കഡ് വേയ്സ് ഓഫ് രാജേഷ് ഖന്ന' എന്ന പേരിൽ അനിത തന്റെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. പൊതുജീവിതത്തിനപ്പുറമുള്ള ഖന്നയുടെ വ്യക്തിത്വവും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.