
ന്യൂഡൽഹി: കാസർകോഡ് കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലറായി എച്ച്. വെങ്കിടേശ്വർലുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
നിയമനം ലഭിച്ചിട്ട് മൂന്നു വർഷമായെന്നും ഇനി രണ്ടു വർഷം ശേഷിക്കെ നിയമനം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വെങ്കിടേശ്വർലുവിന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീൻ നൗത്യാലാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി എന്ന ആരോപണത്തിന്‍റെ പേരിൽ നിയമനം റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.