വധുവിന് വീട്ടുകാർ നൽകുന്ന സ്വത്തിൽ ഭർത്താവിന് അവകാശമില്ല: സുപ്രീംകോടതി

പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രധാന നിരീക്ഷണം
Supreme Court
Supreme Court

ന്യൂഡല്‍ഹി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രധാന നിരീക്ഷണം. സ്ത്രീധനം ദുരുപയോഗം ചെയ്തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി വിധി.

വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമ നടപടി ആരംഭിച്ചത്. ഈ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെണ്‍വീട്ടുകാര്‍ നല്‍കുന്ന എല്ലാ വസ്തുവകകളും ഇതില്‍ ഉള്‍പ്പെടും. അതിന്‍റെ പൂര്‍ണമായ അവകാശം വധുവിന് തന്നെയാണ്. ഭര്‍ത്താവിന് അവകാശം ഉന്നയിക്കാന്‍ കഴിയില്ല. നിയന്ത്രിക്കാനും ഭര്‍ത്താവിന് അവകാശമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനം തന്നെയെന്നുള്ള അഭിപ്രായവും കേസ് പരിഗണിക്കവേ കോടതി രേഖപ്പെടുത്തി.

2003ലായിരുന്നു കക്ഷികളുടെ വിവാഹം. 89 പവനും രണ്ടു ലക്ഷം രൂപയുമാണ് സ്ത്രീധനം നല്‍കിയത്. സുരക്ഷിതമായി വയ്ക്കാനെന്ന് പറഞ്ഞ് ആദ്യ ദിവസം തന്നെ ഭര്‍ത്താവ് സ്വര്‍ണം കൈക്കലാക്കി സ്വന്തം വീട്ടുകാരെ ഏല്‍പ്പിച്ചു. വിവാഹത്തിന് മുമ്പുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ഇവ മുഴുവനും അന്യാധീനപ്പെടുത്തിയെന്നാണ് പരാതി. സ്വര്‍ണവും പണവും തിരികെ ചോദിച്ചത് തിരികെ ചോദിച്ച് 2009ല്‍ കുടുംബക്കോടതിയെ സമീപിച്ചു. 89 പവന് പകരമായി 8,90,000 രൂപയും രണ്ട് ലക്ഷം രൂപ ആറു ശതമാനം പലിശയോടെയും തിരിച്ചു കൊടുക്കാന്‍ കുടുംബക്കോടതി ഉത്തരവിട്ടു. വിവാഹമോചനവും അനുവദിച്ചു. 2011ലായിരുന്നു വിധി. ഇതിനെതിരെ ഭര്‍ത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാഹമോചനത്തെ എതിര്‍ത്തില്ല. സ്ത്രീധനം തിരികെ കൊടുക്കണമെന്ന കീഴ്‌ക്കോടതി ശരിവെച്ചെങ്കിലും സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ചു. സ്വര്‍ണം ഭര്‍ത്താവ് ഊരിവാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com