

കൗമാരക്കാരുടെ ഉഭയസമ്മത പ്രകാരമുള്ള ബന്ധം പോക്സോ നിയമത്തിന്‍റെ കുരുക്കിൽ; ഇന്ത്യയിൽ റോമിയോ - ജൂലിയറ്റ് ചട്ടം വരുന്നു!
ന്യൂഡൽഹി: പതിനെട്ട് വയസിന് താഴെ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങള പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലേത് പോലെ റോമിയോ - ജൂലിയറ്റ് വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് നിർദേശിച്ച് സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളെ വളച്ചൊടിച്ച് പോക്സോ കേസെടുക്കുന്നത് ചർച്ചയായതോടെയാണ് സുപ്രീം കോടതി ഇത്തരമൊരു നിർദേശം മുന്നോട്ടു വച്ചത്.
കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ഇന്ത്യയിലെ നിയമമനുസരിച്ച് 18 വയസിൽ താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധം സമ്മതപ്രകാരമാണെങ്കിലും അല്ലെങ്കിലും കുറ്റകരമാണ്.
റോമിയോ- ജൂലിയറ്റ് ചട്ടപ്രകാരം18 ന് വയസിൽ താഴെ പ്രായമുള്ള വലിയ പ്രായ വ്യത്യാസമില്ലാത്ത കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ പ്രത്യേക വിഭാഗത്തിൽ പരിഗണിക്കും. ഇത് വഴി പ്രണയ ബന്ധത്തെ ലൈംഗികാതിക്രമമായി കാണാതെ കൗമാര സഹജമായ വൈകാരിക ബന്ധമായി കണ്ട് ശിക്ഷാ നടപടികളിൽ ഇളവ് നൽകുന്നു. യഥാർഥ ലൈംഗിക ചൂഷണവും കൗമാര പ്രണയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക എന്നതാണ് ഇതികൊണ്ട് ഉദേശിക്കുന്നത്.