

ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ.
ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയ്ക്കെതിരേ ഗുരുതരമായ അഴിമതി, ബന്ധുനിയമനം, അധികാര ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് ശർമയെ ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും മറ്റൊരു സംസ്ഥാനത്തേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് കത്തയച്ചു.
ഓഗസ്റ്റ് 2, 10, 17 തീയതികളിലായി അയച്ച മൂന്ന് കത്തുകളിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രവർത്തനങ്ങളിൽ ജസ്റ്റിസ് ശർമ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ കേസുകൾ തരംതിരിക്കുന്നതിനുള്ള 'മാസ്റ്റർ ഓഫ് ദി റോസ്റ്റർ' അധികാരം ദുരുപയോഗം ചെയ്ത് ധനികരും സ്വാധീനമുള്ളവരുമായ കക്ഷികളുടെ കേസുകൾ ജസ്റ്റിസ് ശർമ സ്വന്തം ബെഞ്ചിലേക്ക് മാറ്റി പരിഗണിക്കുകയാണെന്ന് ജസ്റ്റിസ് മേത്ത ആരോപിക്കുന്നു. അദ്ദേഹത്തിന്‍റെ ജുഡീഷ്യൽ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും അഴിമതിയും ബന്ധുനിയമനവും തഴച്ചുവളരുകയാണെന്നും കാണിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.
തന്നോടു സഹകരിക്കാത്ത സഹ ജഡ്ജിമാരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും മറ്റ് ജഡ്ജിമാർ പരാതിപ്പെട്ടിട്ടുണ്ട്.
ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ജയ്പുരിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയിലെ മിക്ക എല്ലാ ജഡ്ജിമാർക്കും നാമനിർദേശം നൽകിയതിനെയും ജസ്റ്റിസ് മേത്ത രൂക്ഷമായി വിമർശിച്ചു. ഇതിന്‍റെ ഫലമായി ഹൈക്കോടതിയുടെ പ്രധാന ബെഞ്ചായ ജോധ്പുരിൽ രണ്ട് ദിവസത്തോളം ഒരു കോടതി പോലും പ്രവർത്തിക്കാത്ത അവസ്ഥയുണ്ടായി. ഇത് നീതിന്യായ വ്യവസ്ഥയോടും പൊതുജനങ്ങളോടുമുള്ള ഗുരുതരമായ അനാദരവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2016 നവംബറിൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ശർമയെ 2022-ൽ പറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആരോഗ്യകാരണങ്ങളാൽ രാജസ്ഥാനിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. തുടർന്ന് 2025 മേയിലാണ് അദ്ദേഹത്തെ വീണ്ടും രാജസ്ഥാനിലേക്ക് തിരികെ അയക്കുകയും ആക്റ്റിങ് ചീഫ് ജസ്റ്റിസായി ചുമതല നൽകുകയും ചെയ്തത്.
ജസ്റ്റിസ് ശർമയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു പുതിയ ചീഫ് ജസ്റ്റിസിനെ എത്രയും വേഗം നിയമിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത കത്തിൽ ആവശ്യപ്പെട്ടു.