
ജസ്റ്റിസുമാരിൽ സമ്പന്നന്‍ കെ.വി. വിശ്വനാഥന്‍; ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചരിത്രത്തിലാധ്യമായി സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 പേരുടെ സ്വത്തുവിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടിയുടെ നിക്ഷേപമാണുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് ഇദ്ദേഹം 91.47 കോടി രൂപയാണ് അടച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 1.06 കോടി രൂപയുടെ നിക്ഷേപവും; മലയാളി ജസ്റ്റിസ് വിനോദ് കെ. ചന്ദ്രന് 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്.
12 ജഡ്ജിമാരുടെ സ്വത്തു വിവരങ്ങളാണ് ഇനി പുറത്തു വിടാനുള്ളത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പി.കെ. മിശ്ര, എസ്.സി. ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എ. കോടീശ്വര്‍ സിംഗ്, ആര്‍. മഹാദേവന്‍, ജോയ്മല്യ ബാഗ്ച്ചി എന്നിവർ സ്വത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ല. വനിതാ ജഡ്ജിമാരില്‍ ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
സുപ്രീംകോടതി ജഡ്ജിമാരെ കൂടാതെ, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടിട്ടുണ്ട്. 2022 നവംബര്‍ 9 മുതല്‍ 2025 മെയ് 5 വരെയുള്ള ഇക്കാലയാളവില്‍ നിയമിക്കപ്പെട്ട 221 ജഡ്ജിമാരുടെ നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്.
നിയമന വിവരങ്ങൾക്കൊപ്പം ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിങ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ ഒന്നിലെ ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമാണ് ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.