സുപ്രീം കോടതി ചോദിക്കുന്നു, തൂക്കിലേറ്റുന്നതിനു പകരം വേദനരഹിതമായ വധശിക്ഷ വേണ്ടേ ‍?

രാജ്യം ഇപ്പോൾ അവലംബിക്കുന്ന വധശിക്ഷാ മാർഗത്തിനു ബദലായി വേദനാരഹിതമായ മാർഗമാണ് കോടതി ആരായുന്നത്
സുപ്രീം കോടതി ചോദിക്കുന്നു,  തൂക്കിലേറ്റുന്നതിനു പകരം വേദനരഹിതമായ വധശിക്ഷ വേണ്ടേ ‍?

ന്യൂഡൽഹി: തൂക്കിലേറ്റിയുള്ള വധശിക്ഷ എന്ന ശിക്ഷാമാർഗം വേണമോ എന്ന ചോദ്യത്തിനു പഴക്കമേറെയുണ്ട്. എങ്കിലും കൃത്യമായൊരു പോംവഴിയിലേക്കോ, പരിഹാരത്തിലേക്കോ എത്താൻ ഇതുവരെ നിയമസംവിധാനങ്ങൾക്കു സാധിച്ചിട്ടുമില്ല. ഇന്നു സുപ്രീം കോടതി ചോദിച്ചിരിക്കുന്നു, തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്കൊരു ബദൽമാർഗം വേണ്ടേ എന്ന്.

തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനാജനകവും മനുഷ്യത്വരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു ചർച്ചകൾക്കു തുടക്കമാകുന്ന സുപ്രീം കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കാനും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളിതുവരെ ക്യാപിറ്റൽ പണിഷ്മെന്‍റ് എന്നു വിശേഷിപ്പിക്കപ്പെട്ട തൂക്കിലേറ്റിയുള്ള മരണത്തിനൊരു തിരുത്തലുണ്ടാക്കാൻ പരമോന്നത കോടതിയുടെ ചോദ്യത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണാം.

രാജ്യം ഇപ്പോൾ അവലംബിക്കുന്ന വധശിക്ഷാ മാർഗത്തിനു ബദലായി വേദനാരഹിതമായ മാർഗമാണ് കോടതി ആരായുന്നത്. ഇക്കാര്യത്തിനായി ഒരു വിദഗ്ധ കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ആധുനിക ശാസ്ത്രലോകം തൂക്കിലേറ്റിയുള്ള വധശിക്ഷയെ എങ്ങനെ കാണുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. മറ്റു രാജ്യങ്ങളിൽ ഇതിനൊരു ബദൽമാർഗമുണ്ടോ എന്ന ചോദ്യവും ഉയർത്തി.

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്കു വിധേയനാകുമ്പോൾ ഒരു വ്യക്തി കടന്നു പോകുന്ന മാനസിക-ശാരീരിക അവസ്ഥകൾ എന്തൊക്കെയാണെന്നുള്ള ചർച്ചകൾ മുമ്പും ഉണ്ടായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കി അരമണിക്കൂറോളം ശരീരം കയറിൽ തൂങ്ങി അവശേഷിക്കും, മരണം ഉറപ്പായെന്നു ഡോക്‌ടർ വിധിയെഴുതും വരെ. ആ രീതി ക്രൂരതയാണെന്നുള്ള അഭിപ്രായങ്ങൾ മുമ്പും ഉയർന്നിട്ടുണ്ട്.

എന്തായാലും ഈ കേസ് മെയ് 2നു സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അപ്പോഴേക്കും കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായവും കോടതിയിൽ എത്തിയിട്ടുണ്ടാകും. വിശദമായ പരിശോധനകൾക്കും ചർച്ചകൾക്കുമായിരിക്കും ഈ ചോദ്യം വഴിമരുന്നിടുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com