
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വായു മലീനികരണം രാഷ്ട്രീയ യുദ്ധമാക്കരുതെന്നും, ഇത് ജനങ്ങളുടെ ആരോഗ്യത്തെ കൊല്ലുകയാണെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ വായുമലീനികരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് എല്ലാവർഷവും ശൈത്യക്കാലത്ത് ഡൽഹിയിൽ വായുമലീനികരണം വർധിക്കുന്നതിന് കാരണമാകുന്നു. ഇതു കുറയ്ക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഡൽഹി സർക്കാരുകളുടെ യോഗം വിളിച്ചു ചേർക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വിവരങ്ങൾ പ്രകാരം കുറച്ചു ദിവസങ്ങളായി രൂക്ഷമായ വായു മലീനികരണമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ഇന്ന് ഡൽഹിയിലെ പല ഭാഗങ്ങളിലും എക്യുഐ 400 കടന്നു.