സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, 'പ്രഗ്നന്‍റ് വുമൺ' എന്ന പദം എടുത്തുകളഞ്ഞ് സുപ്രീംകോടതി

അതിജീവിതയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്
supreme court pregnant person woman judgment dy chandrachud
supreme court pregnant person woman judgment dy chandrachud

പൊതുവേ സ്ത്രീകൾ മാത്രമല്ല നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെന്‍റർ പുരുഷൻമാരും ഗർഭിണികളാകാറുണ്ട്. ഗർഭം ധരിക്കുന്നവൾ എന്ന അർഥത്തിലാണ് സ്ത്രീകളെ ഗർഭിണികൾ എന്നു വിളിക്കുന്നതെങ്കിൽ ഇവരെ എന്ത് വിളിക്കുമെന്ന സംശയം പലരിലും ഉണ്ടാകാം. ഇപ്പോഴിതാ ഗർഭിണി എന്നർഥം വരുന്ന 'പ്രഗ്നന്‍റ് വുമൺ' എന്ന പദം നിയമപുസ്തകത്തിൽ നിന്നു എടുത്തുമാറ്റിയിരിക്കുകയാണ്. പകരം ഗർഭം ധരിച്ച വ്യക്തി എന്നർഥം വരുന്ന 'പ്രഗ്നന്‍റ് പേഴ്സൺ' എന്ന പദം ഉപയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

പതിനാലുകാരിയുടെ ഗർഭഛിത്രം നടത്താൻ അനുവദിച്ച് സുപ്രീംകോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ‌‌‌22 പേജ് വരുന്ന വിധിന്യായത്തിൽ 42 തവണയാണ് 'പ്രഗ്നന്‍റ് പേഴ്സൺ' എന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചത്.

പെൺകുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അതിജീവിതയുടെ അമ്മയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രിൽ 22 ന് ഇതേ കേസിൽ വാദം കേട്ട സുപ്രീംകോടതി ഗർഭഛിത്രം നടത്താൻ അനുമതി നൽകുകയായിരുന്നു. മുംബൈയിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലെ ഡീനിന്‍റെ വൈദ്യപരിശോധനാ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്. പെൺകുട്ടിയുടെ മാനസിക - ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തിയിരുന്നു.

‌എന്നാൽ 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് മൂലം അതിജീവിതയ്ക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ മാതാപിതാക്കൾ ആകുലരാണെന്ന് ആശുപത്രി അധികൃതർ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് തിരുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം മുംബൈ ഡിയോൺ ആശുപത്രിയോട് മുൻകാല പ്രാബല്യത്തോടെ അതിജീവിതയുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചെലവ് വഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രസവത്തിന് ശേഷം കുട്ടിയെ ദത്ത് നൽകാൻ കുടുംബം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അതിനാവശ്യമായ സൗകര്യം ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com