
ന്യൂഡൽഹി : ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാനുള്ള സമിതി അംഗങ്ങളുടെ പേരുൾപ്പെടുത്തിയ മുദ്രവച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നിക്ഷേപകരുടെ സുരക്ഷയ്ക്കായി വിദഗ്ധ സമിതിയെ സുപ്രീം കോടതി തന്നെ നിയമിക്കും. ഇക്കാര്യത്തിൽ പൂർണമായും സുതാര്യത വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് നടപടി.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരിയിടിയുകയും, ചെറുകിട നിക്ഷേപകർക്ക് നഷ്ടം നേരിടുകയും ചെയ്തിരുന്നു. ഈ നഷ്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച കോടതി നിക്ഷേപകർക്ക് പരിരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഈ സമിതിയിലേക്കാണ് കേന്ദ്ര സർക്കാർ പേരുകളും നിർദ്ദേശങ്ങളും മുദ്രവച്ച കവറിൽ സമർപ്പിച്ചത്. എന്നാൽ സർക്കാർ നൽകുന്ന പേരുകൾ സ്വീകരിച്ചാൽ, അതു സർക്കാർ സമിതിയാകുമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.