
അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ന്‍റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകൃതമായ പാർട്ടികൾക്ക് എതിരെ ഹർജി നൽകാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി.
ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പാർട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകൾക്ക് എതിരാണെന്നും, മുസ്‌ലിം മത വിഭാഗത്തിന്‍റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം പാർട്ടിക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. നേരത്തെ ഇതേ വാദങ്ങൾ ഉന്നയിച്ച് തിരുപതി നരസിംഹ മുരാരി നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
ഒവൈസിയുടെ പാർട്ടി ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്ക അവസ്ഥയിലുള്ള എല്ലാവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഇസ്‌ലാമിക പഠനം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുലിന്‍റെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും, സമാനമായ രീതിയിൽ വേദ പഠനം ലക്ഷ്യമായി പറഞ്ഞുകൊണ്ട് പാർട്ടി രൂപീകരിച്ചാൽ അതിന് അംഗീകാരം ലഭിക്കില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.