"നിങ്ങൾക്കെന്താണ് ഇതിൽ കാര്യം"; ശബരിമല സ്ത്രീപ്രവേശനക്കേസിൽ എൻജിഒയെ കുടഞ്ഞ് സുപ്രീം കോടതി

സംഘടനയുടെ മതവിശ്വാസവും താത്പര്യവുമെന്താണെന്നായിരുന്നു നാഗരത്നയുടെ ചോദ്യം.
Supreme Court slams NGO in Sabarimala women's entry case

സുപ്രീം കോടതി

file image

Updated on

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ച എൻജിഒ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ അതിരൂക്ഷ പാമർശങ്ങളുമായി സുപ്രീം കോടതി. 2006ൽ ഇത്തരമൊരു ഹർജി നൽകിയതിനു പിന്നിൽ എന്തായിരുന്നു ലക്ഷ്യമെന്നും ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്നതിൽ സംഘടനയ്ക്ക് എന്താണു കാര്യമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്‍റെ ഹർജിയിലാണ് 2018ലെ യുവതീപ്രവേശന വിധിയുണ്ടായത്. പുനഃപരിശോധനാ ഹർജിയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച് സംഘടനയ്ക്കു വേണ്ടി ഹാജരായ രവിപ്രകാശ് ഗുപ്ത വാദമുയർത്തിയപ്പോൾ ചീഫ് ജസ്റ്റിസും ജസ്റ്റിസ് ബി.വി. നാഗരത്നയുമാണ് കടുത്ത വിമർശനങ്ങളും ചോദ്യങ്ങളുമുന്നയിച്ചത്. സംഘടനയുടെ മതവിശ്വാസവും താത്പര്യവുമെന്താണെന്നായിരുന്നു നാഗരത്നയുടെ ചോദ്യം. ഇതു ഗൗരവമുള്ള വിഷയമാണ്. ഒരു മൂർത്തിയിൽ വിശ്വസിക്കുന്ന ഒരാൾ അതിന് അനുസൃതമായതെല്ലാം അനുഷ്ഠിക്കും.

വേറൊരാൾ വന്ന് എല്ലാ നിയമവും ഞങ്ങൾ ലംഘിക്കുമെന്നു പറഞ്ഞാൽ അതു പ്രോത്സാഹിപ്പിക്കാൻ ഈ കോടതിക്കാവില്ല. ആ മൂർത്തിയിൽ ഒരു വിശ്വാസവുമില്ലാത്ത നിങ്ങൾ, അത്തരക്കാർക്കു ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നു പറയുകയാണ്. എന്തിനാണു നിങ്ങൾ പൊതുതാത്പര്യ ഹർജി നൽകിയത്. ഇതുകൊണ്ട് എന്തു നല്ലകാര്യമാണു സംഭവിക്കുക. നിങ്ങളുടേത് പോലുള്ള നിയമപരമായ സ്ഥാപനത്തിന് എങ്ങനെയാണ് വിശ്വാസമുണ്ടാകുന്നത്? ഇത് വ്യക്തികൾക്ക് വേണ്ടിയുള്ളതാണ്. നിങ്ങൾക്ക് മനഃസാക്ഷിയില്ല- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ഒരു സ്ത്രീ പ്രവേശിച്ചപ്പോൾ ക്ഷേത്രം അശുദ്ധമായെന്നു ജ്യോതിഷികൾ പറഞ്ഞതായി വാർത്തകൾ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതെന്ന് അഭിഭാഷകൻ ഗുപ്ത ബോധിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് നാഗരത്‌ന കടുത്ത ചോദ്യങ്ങളുന്നയിച്ചത്. ഈ വിഷയത്തിൽ നിങ്ങളുടെ സംഘടന എന്തെങ്കിലും പ്രമേയം പാസാക്കിയിരുന്നോ എന്നും സംഘടനയുടെ അധ്യക്ഷനോട് ഇതേക്കുറിച്ചു സംസാരിച്ചിരുന്നോ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു.

നിങ്ങളാണോ ഈ രാജ്യത്തെ മുഖ്യ പൂജാരി എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അന്ന് നൗഷാദ് അലി എന്നയാളായിരുന്നു പ്രസിഡന്‍റെന്നും അദ്ദേഹത്തിന് ഇങ്ങനെയൊരു പ്രമേയമുളളതായി അറിയില്ലെന്നും ഗുപ്ത മറുപടി നൽകി. ഇതോടെ, ഇടപെട്ട ജസ്റ്റിസ് സുന്ദരേഷ് "നൗഷാദ് സമർഥമായി കളിച്ചു എന്നും ഇത് നിയമപ്രക്രിയയുടെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല' എന്നും വിമർശിച്ചു. എൻജിഒയാണ് യഥാർഥ ഹർജിക്കാരെന്നും പേരിനൊരു അധ്യക്ഷൻ മാത്രമായ നൗഷാദിന് നിയമുദ്ധത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഗുപ്തയുടെ വിശദീകരണം.

ക്ഷേത്രത്തിലെ മൂർത്തിക്ക് യുവതികൾ പ്രവേശിക്കുന്നത് ഇഷ്ടമല്ലെന്നു തന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഗുപ്ത ആവർത്തിച്ചപ്പോൾ നിങ്ങൾക്ക് അതിലെന്താണ് കാര്യമെന്നു ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങളുടെ ജോലിയെന്താണ്. യങ് ലോയേഴ്സ് അസോസിയേഷനു വേറെ ജോലികളില്ലേ. എന്തുകൊണ്ട് ബാറിന്‍റെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നില്ല? . രാജ്യത്തെ നിയമസംവിധാനത്തെ സഹായിക്കാൻ പ്രവർത്തിക്കാമല്ലോ. ഗ്രാമീണ മേഖലയിലുള്ളവർക്ക് നഗരത്തിൽ വന്ന് കേസ് വാദിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവരെ സഹായിക്കാമല്ലോ.

പൊതുതാത്പര്യ ഹർജികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എങ്ങനെയാണ് ഒരു പത്രവാർത്ത ഹർജിയായി മാറുന്നതെന്നു ചോദിച്ചു. പൊതുതാത്പര്യ ഹർജിയാക്കി മാറ്റാൻ വേണ്ടി പത്രത്തിൽ വാർത്ത വരുത്തുക വളരെ എളുപ്പമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹർജികൾ പണ താത്പര്യ ഹർജികളും പബ്ലിസിറ്റി താത്പര്യ ഹർജികളും രാഷ്‌ട്രീയ താത്പര്യ ഹർജികളുമായി മാറുന്നുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞതിനാൽ ഹർജിയുടെ സാധുത സ്ഥിരീകരിക്കപ്പെട്ടതാണെന്നും ഇനിയിതിൽ പുനഃപരിശോധനയുണ്ടായാൽ തെറ്റായ പല ആചാരങ്ങളും പുനരുജ്ജീവിക്കപ്പെടുമെന്നും ഗുപ്ത പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.

logo
Metro Vaartha
www.metrovaartha.com