
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജി ഓഗസ്റ്റ് 8 ന് സുപ്രീം കോടതി പരിഗണിക്കും
file image
ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ഓഹസ്റ്റ് 8 ന് വിധിപറയും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയാവും വിധിപറയുക. ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം 2023 ൽ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച മേഖലയ്ക്ക് സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കൃത്യമായ സമയപരിധി നിശ്ചയിച്ചിരുന്നില്ല.
കോളെജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടും സാമൂഹിക പ്രവർത്തകനായ ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് പുതിയ ഹർജിയുമായി സുപ്രീംകോതിയെ സമീപിച്ചത്. വിധി വന്ന് പതിനൊന്ന് മാസം കഴിഞ്ഞിട്ടും, മേഖലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നിട്ടും, സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഉടൻ നടപടി ഉണ്ടാവണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.