
റിലയൻസ് 'വൻതാര' ക്കെതിരേ സുപ്രീംകോടതി അന്വേഷണം; പ്രത്യേക സംഘം രൂപീകരിക്കും
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്‍റെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ജെ. ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
വൻതാരയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുക. മാത്രമല്ല വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്ററിനറി പരിചരണം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടും.
ജൂലൈയിൽ കോലാപൂരിലെ ക്ഷേത്രത്തിൽ നിന്നും മഹാദേവി എന്ന് പേരുള്ള ആനയെ വൻതാരയിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടായിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകനായ ജയ സുകിൻ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് സുപ്രീംകോടതി അന്വേഷണത്തിന് സമിതി രൂപീകരിച്ചത്. അന്വേഷണം നടത്തി സെപ്റ്റംബർ 12 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.