ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം

തെരഞ്ഞെടുത്ത സുപ്രധാന വിധികളുടെയും ഉത്തരവുകളുടെയും ലളിതമായ ഹിന്ദി സംഗ്രഹങ്ങൾ ഇതുവഴി ലഭ്യമാകും
Supreme Court to make judgment copies available in Hindi.

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി

Updated on

ന്യൂഡൽഹി: നീതി നിർവഹണം കൂടുതൽ ജനകീയവും എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ഹിന്ദിയിൽ പുതിയ പൊതുവിവര സേവനമായ ‘ജൻ സൂചന സേവ’യ്ക്ക് തുടക്കമിടുന്നു. ഹിന്ദി ദിവസ് ആചരിക്കുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ചയാണ് സേവനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുത്ത സുപ്രധാന വിധികളുടെയും ഉത്തരവുകളുടെയും ലളിതമായ ഹിന്ദി സംഗ്രഹങ്ങൾ ഇതുവഴി ലഭ്യമാകും. ഇതോടൊപ്പം ഏകദേശം 15 മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി ഓഡിയോ, വീഡിയോ ബുള്ളറ്റിനുകളും ലഭ്യമാക്കും.

സാധാരണ പൗരന്മാർക്കും കക്ഷികൾക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കും സുപ്രധാന വിധികൾ, തുടർനടപടികൾ എന്നിവ തങ്ങൾക്ക് പരിചിതമായ ഭാഷയിൽ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലളിതമായ ഭാഷയിലുള്ള വിവരങ്ങൾ ഓഡിയോ, വീഡിയോ രൂപത്തിലും ലഭ്യമാക്കുന്നത് ദൈർഘ്യമേറിയ നിയമരേഖകൾ വായിക്കാനോ മനസിലാക്കാനോ ബുദ്ധിമുട്ടുള്ളവർക്കും പ്രയോജനപ്പെടുമെന്ന് സുപ്രീം കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഹിന്ദിയിലാണ് സേവനം ആരംഭിക്കുന്നത്. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് ഇന്ത്യൻ ഭാഷകളിലും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. രാജ്യത്ത് വിവിധ ഭാഷകൾ സംസാരിക്കുന്ന പൗരന്മാർക്ക് സുപ്രീം കോടതിയുടെ സുപ്രധാന വിധികളെക്കുറിച്ചുള്ള വിവരങ്ങൾ സ്വന്തം ഭാഷയിൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com