
"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി
file image
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി. തെരുവു നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുന്നതിനു പകരം അവയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടണം എന്നാണ് പുതിയ ഉത്തരവ്. അതേ സമയം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് കർശനമായി നിരോധിച്ചിട്ടുമുണ്ട്.
ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രീം കോടതിയുടെ മുൻ വിധി പുനപ്പരിശോധിച്ചത്. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലായുള്ള കേസുകൾ സുപ്രീം കോടതിക്കു കൈമാറണമെന്നും വിഷയത്തിൽ ദേശീയ നയം സ്വീകരിക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
ഡൽഹി-എൻസിആറിൽ നിന്നുള്ള തെരുവുനായ്ക്കളെയെല്ലാം പിടി കൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽറ്റർ ഹോമിൽ അടക്കണമെന്നായിരുന്നു കോടതിയുടെ മുൻപത്തെ വിധി. ഇതിൽ മൃഗസ്നേഹികൾ വലിയ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
എന്തു തന്നെയായാലും പൊതു നിരത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അനുവദിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം ലംഘിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കും.