
ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരേ വിമർശനവുമായി സുപ്രീംകോടതി. റാപ്പിഡ് റെയിൽ പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ വിഹിതം നൽകാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ താക്കീത്. ഒരാഴ്ചയ്ക്കകം പണം നൽകണം, അല്ലാത്ത പക്ഷം സർക്കാർ പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്ന തുക പദ്ധതിക്കായി വകമാറ്റി നൽകുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഡൽഹിയെ ഉത്തർപ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ അൽവാർ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ആർആർടിഎസ്.
ബജറ്റിന്‍റെ കാര്യം സർക്കാർ പരിഗണിക്കണം, എന്നാൽ ഇത്തരം പദ്ധതികളെ ഒഴിവാക്കി പരസ്യത്തിന് പണം ചിലവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജൂലൈ 24ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ പദ്ധതിക്ക് രണ്ടുമാസത്തിനകം പണം നൽകാമെന്ന് സുപ്രീം കോടതിയിൽ ഉറപ്പു നൽകിയതായും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ പണം നൽകാമെന്നു പറഞ്ഞിട്ട് കോടതി വീണ്ടും ഇക്കാര്യത്തിന് നിർദേശം നൽകുന്നത് കഷ്ടമാണെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു. തുടർന്ന് കേസ് നവംബർ 28 ന് വാദം കേൾക്കാനായി മാറ്റി.