"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരേ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്
supreme court west bengal vote counting

മമത ബാനർജി

Updated on

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരേ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്.

കേന്ദ്ര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ വോട്ടെണ്ണൽ സൂപ്പർവൈസറെയും സഹായിയെയും നിയമിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫ് ഇന്ത്യയ്ക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

തൃണമൂലിന്‍റെ ഹർജി കൽക്കട്ട ഹൈക്കോടതി മുൻപ് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ മേയ് 4 ന് നിശ്ചയിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം.

logo
Metro Vaartha
www.metrovaartha.com