

രാഷ്‌ട്രപതി ദ്രൗപതി മുർമു
പ്രത്യേക ലേഖകൻ
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ കേസിൽ ഏപ്രിൽ 8നായിരുന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാജ്യത്ത് ഏറെ വാദപ്രതിവാദങ്ങൾക്കു വഴിയൊരുക്കിയ വിധി പ്രസ്താവിച്ചത്. ബില്ലിൽ ഒപ്പുവയ്ക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും 3 മാസം സമയപരിധി നിശ്ചയിച്ചുകൊണ്ടായിരുന്നു വിധി. അതിനകം ഒപ്പുവച്ചില്ലെങ്കിൽ ബിൽ സ്വമേധയാ നിയമമാകുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് പ്രഖ്യാപിച്ചു.
രാഷ്‌ട്രപതിയുടെ അധികാരത്തിലും ജുഡീഷ്യൽ ഇടപെടലുണ്ടാകുന്ന വിധി വലിയ നിയമപ്രശ്നങ്ങൾ ഉയർത്തി. ഇതോടെ, മേയ് മാസത്തിലാണു ഭരണഘടനയുടെ 143ാം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതി സുപ്രീം കോടതിയുടെ റഫറൻസ് തേടിയത്. 14 ചോദ്യങ്ങളായിരുന്നു രാഷ്‌ട്രപതി ഉന്നയിച്ചത്. ഇവയ്ക്ക് ഉത്തരം നൽകിയതോടെ ഭാവിയിൽ ഭരണതലത്തിലടക്കം പ്രതിസന്ധികൾ ഉയർത്തിയേക്കാവുന്ന നിയമപ്രശ്നത്തിനാണു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയത്.
ചോദ്യം 1. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഒരു ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർക്കു മുന്നിലുള്ള ഭരണഘടനാപരമായ മാർഗങ്ങൾ ഏതൊക്കെ?
ഉത്തരം: നിയമസഭ പാസാക്കിയ ബിൽ പരിഗണനയ്ക്കു വരുമ്പോൾ അംഗീകാരം നൽകുക, തടഞ്ഞുവയ്ക്കുക, രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കുക എന്നീ സാധ്യതകളാണു ഗവർണർക്കു മുന്നിലുള്ളത്. തടഞ്ഞുവച്ചാൽ, അനുച്ഛേദം 200ലെ ആദ്യ വ്യവസ്ഥ പ്രകാരം ബിൽ നിയമസഭയിലേക്ക് തിരികെ അയയ്ക്കണം. അതു നാലാമത്തെ സാധ്യതയല്ല. സഭയിലേക്ക് തിരികെ നൽകാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണറെ അനുവദിക്കുന്നത് ഫെഡറലിസത്തിന്‍റെ തത്വത്തെ അവഹേളിക്കും. സഭയിലേക്ക് തിരികെ നൽകാതെ ഗവർണർക്ക് ബിൽ തടഞ്ഞുവയ്ക്കാൻ കഴിയുമെന്ന കേന്ദ്ര സർക്കാരിന്‍റെ വാദം തള്ളുന്നു.
2. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഒരു ബിൽ തന്‍റെ മുമ്പാകെ എത്തുമ്പോൾ ലഭ്യമായ എല്ലാ സാധ്യതകളും വിനിയോഗിക്കുമ്പോൾ, മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണോ?
ഉത്തരം: സാധാരണഗതിയിൽ ഗവർണർ മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അനുച്ഛേദം 200ൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാം. ബിൽ തിരിച്ചയക്കാനോ രാഷ്‌ട്രപതിക്കു വേണ്ടി മാറ്റിവയ്ക്കാനോ ഉള്ള വിവേചനാധികാരമുണ്ട്.
3. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ? ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയുമോ?
ഉത്തരം: അനുച്ഛേദം 200 അനുസരിച്ചുള്ള ഗവര്‍ണറുടെ നടപടികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവില്ല. അത്തരം തീരുമാനങ്ങളുടെ വസ്തുതകളിലേക്കും കാരണങ്ങളിലേക്കും കടക്കാനും കോടതികള്‍ക്ക് അനുവാദമില്ല. എന്നാല്‍ പരിഗണനയ്ക്കു വരുന്ന ബില്ലുകള്‍ നീട്ടിക്കൊണ്ടുപോകുകയോ അകാരണമായി വച്ചുതാമസിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ന്യായമായ ഒരു സമയപരിധിക്കുള്ളില്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് പരിമിതമായ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയും. അത്തരം നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഗവര്‍ണറുടെ നിലപാടിന്‍റെ ന്യായാന്യായങ്ങളെക്കുറിച്ചു പരാമര്‍ശങ്ങള്‍ പാടില്ല.
4. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർ എടുക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അവലോകനത്തിന് ഭരണഘടനയുടെ അനുച്ഛേദം 361 (രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിയമ നടപടികളില്‍ നിന്നുള്ള സംരക്ഷണം) ഒരു സമ്പൂർണ തടസമാണോ?
ഉത്തരം: ജുഡീഷ്യൽ അവലോകനത്തിന് ആർട്ടിക്കിൾ 361 സമ്പൂർണ തടസമാണ്. ഗവര്‍ണര്‍മാരെ വ്യക്തിപരമായി കോടതികളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനുച്ഛേദം 361 പൂര്‍ണമായി വിലക്കുന്നു. എന്നാല്‍ അനുച്ഛേദം 200 അനുസരിച്ചുള്ള ചുമതല നിറവേറ്റുന്നതില്‍ നിന്ന് ഗവര്‍ണര്‍മാര്‍ വിട്ടുനിന്നാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് നിയന്ത്രിത അധികാരമുണ്ട്. ഗവര്‍ണര്‍ക്ക് നിയമ നടപടികളില്‍ നിന്ന് വ്യക്തിപരമായ പരിരക്ഷയുണ്ടെങ്കിലും ഗവര്‍ണര്‍ എന്ന ഭരണഘടനാ സ്ഥാപനം സുപ്രീം കോടതിയുടെ അധികാരപരിധിക്ക് വിധേയമാണ്.
5. ഭരണഘടനാപരമായി ഗവർണർക്ക് അധികാരങ്ങൾ വിനിയോഗിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരമുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിന് ഗവർണർക്ക് ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
ഉത്തരം: ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കോടതികള്‍ നേരിട്ട് സമയപരിധി വയ്ക്കുന്നതും അനുച്ഛേദം 200 നടപ്പാക്കാന്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഉചിതമല്ല.
6. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം രാഷ്‌ട്രപതിയുടെ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ? രാഷ്‌ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യംചെയ്യാന്‍ കഴിയുമോ?
ഉത്തരം: അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പോലെ തന്നെ, അനുച്ഛേദം 201 അനുസരിച്ച് രാഷ്‌ട്രപതി എടുക്കുന്ന തീരുമാനങ്ങളും കോടതികളില്‍ ചോദ്യം ചെയ്യാനാവില്ല.
7. ഭരണഘടനാപരമായി രാഷ്‌ട്രപതിക്ക് അധികാരങ്ങൾ വിനിയോഗിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരമുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിന് രാഷ്‌ട്രപതിക്ക് ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
ഉത്തരം: ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കോടതികള്‍ നേരിട്ട് സമയപരിധി വയ്ക്കുന്നതും അനുച്ഛേദം 201 നടപ്പാക്കാന്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഉചിതമല്ല.
(5, 6, 7 ചോദ്യങ്ങൾക്ക് ഒരുമിച്ചാണു ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയത്).
നമ്മുടേതു പോലുള്ള ഒരു ഫെഡറൽ, ജനാധിപത്യ രാജ്യത്ത് നിയമനിർമാണ പ്രക്രിയയിൽ ഉണ്ടാകാവുന്ന വൈവിധ്യമാർന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും, അതിന്‍റെ ഫലമായി സന്തുലിതാവസ്ഥയുടെ ആവശ്യകതയുമൊക്കെ കണക്കിലെടുത്ത്, ഭരണഘടനാ അധികാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഒരു ഇലാസ്തികത നൽകുന്ന രീതിയിലാണ് അനുച്ഛേദം 200, 201 എന്നിവയുടെ പാഠം രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന വളരെ ശ്രദ്ധാപൂർവം സംരക്ഷിക്കുന്ന ഈ ഇലാസ്തികതയ്ക്ക് വിരുദ്ധമായിരിക്കും സമയപരിധികൾ ഏർപ്പെടുത്തുന്നത്.
ഭരണഘടനാപരമായി നിശ്ചയിച്ചിട്ടുള്ള സമയപരിധി ഇല്ലാത്ത സാഹചര്യത്തിൽ, ഗവർണർ അനുച്ഛേദം 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് കോടതി ഒരു ജുഡീഷ്യൽ സമയപരിധി നിർദേശിക്കുന്നത് ഉചിതമല്ല. അതേ കാരണത്താൽ, അനുച്ഛേദം 201 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് രാഷ്‌ട്രപതിക്കും ജുഡീഷ്യറി നിർദേശിക്കുന്ന സമയപരിധി പാലിക്കാൻ കഴിയില്ല.
8. ഗവർണർ ഒരോ തവണയും ബില്ലുകൾ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി റഫർ ചെയ്യുമ്പോൾ ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള റഫറൻസ് വഴി സുപ്രീം കോടതിയുടെ ഉപദേശം തേടുകയും സുപ്രീം കോടതിയുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടോ?
ഉത്തരം: ഭരണഘടന അനുസരിച്ച് ഗവർണർ ബിൽ മാറ്റിവയ്ക്കുമ്പോഴെല്ലാം രാഷ്‌ട്രപതി കോടതിയുടെ ഉപദേശം തേടേണ്ടതില്ല. രാഷ്‌ട്രപതിയുടെ ആത്മനിഷ്ഠമായ, വസ്തുനിഷ്ഠവും വ്യക്തിപരവുമായ സംതൃപ്തി മാത്രം മതി. എന്നാൽ, വ്യക്തതയുടെ അഭാവമോ ഉപദേശത്തിന്‍റെ ആവശ്യമോ ഉണ്ടെങ്കിൽ, അനുച്ഛേദം 143 പ്രകാരം റഫറന്‍സ് വഴി കോടതിയുടെ ഉപദേശമോ അഭിപ്രായമോ തേടാം.
9. ഭരണഘടനയുടെ ആർട്ടിക്കിൾ 200, ആർട്ടിക്കിൾ 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്‌ട്രപതിയുടെയും തീരുമാനങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള ഒരു ഘട്ടത്തിൽ നീതിയുക്തമാണോ? ഒരു ബിൽ നിയമമാകുന്നതിന് മുമ്പ്, ഏതെങ്കിലും വിധത്തിൽ അതിന്‍റെ ഉള്ളടക്കത്തിൽ കോടതികൾക്ക് ജുഡീഷ്യൽ വിധിന്യായം നടത്താൻ അനുവാദമുണ്ടോ?
ഉത്തരം. ഇല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 200 ഉം ആർട്ടിക്കിൾ 201 ഉം പ്രകാരമുള്ള ഗവർണറുടെയും രാഷ്‌ട്രപതിയുടെയും തീരുമാനങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള ഘട്ടത്തിൽ നീതിന്യായപരമല്ല. ബില്ലുകൾ നിയമമായി മാറിയാൽ മാത്രമേ അവയെ ചോദ്യം ചെയ്യാൻ കഴിയൂ. ബില്ലിന്‍റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കാനോ വിധി പ്രസ്താവിക്കാനോ കോടതിക്ക് അധികാരമില്ല. രാഷ്‌ട്രപതിയുടെ റഫറന്‍സിനുള്ള മറുപടിയും വിധി പറയല്‍ അല്ല.
10. ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും ഭരണഘടന അനുച്ഛേദം 142 പ്രകാരം നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മറ്റു മാര്‍ഗങ്ങളുണ്ടോ?
ഉത്തരം. ഇല്ല. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതും രാഷ്‌ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകൾ ഈ കോടതിക്ക് ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം ഒരു തരത്തിലും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കാനും അതനുസരിച്ചുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അവര്‍ക്ക് മാത്രമേ അധികാരമുള്ളൂ. അതിന് ബദല്‍ മാര്‍ഗങ്ങളില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ല.
11. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന നിയമസഭ നിർമിക്കുന്ന ഒരു നിയമം പ്രാബല്യത്തിൽ വരുമോ? സഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ അനുമതി നല്‍കി ഒപ്പിടാതെ നിയമമാകുമോ?
ഉത്തരം: 10ാം ചോദ്യത്തിലെ ഉത്തരം നോക്കുക. സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം അനുച്ഛേദം 200 പ്രകാരം ഗവർണറുടെ അനുമതിയില്ലാതെ പ്രാബല്യത്തിൽ വരുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ഒരു ബില്ലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമമാകില്ല. ഗവര്‍ണര്‍ക്കുള്ള അധികാരം മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനും ഏറ്റെടുക്കാനാവില്ല. ഗവർണറുടെ നിയമനിർമാണ പങ്ക് മറ്റൊരു ഭരണഘടനാ അധികാരത്തിന് പകരം വയ്ക്കാൻ കഴിയില്ല.
12. ഭരണഘടനയുടെ ആർട്ടിക്കിൾ 145 (3) ലെ വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ സുപ്രീം കോടതിക്ക് മുന്നില്‍ വരുന്ന വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതാണോ എന്ന് പരിശോധിച്ച ശേഷമേ അതത് ബെഞ്ചുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ വ്യവസ്ഥ ചെയ്യുന്നുണ്ടോ? കുറഞ്ഞത് അഞ്ച് ജഡ്ജിമാരുടെ ഒരു ബെഞ്ചിലേക്ക് അത് റഫർ ചെയ്യേണ്ടതു നിർബന്ധമല്ലേ?
ഉത്തരം: കോടതി പരിഗണിക്കുന്ന വിഷയത്തിന്‍റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ റഫറന്‍സിന്‍റെ സ്വഭാവവുമായി ബന്ധമില്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ല. ഉത്തരം നല്‍കുന്നില്ല.
13. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങൾ നടപടിക്രമ നിയമത്തിലെയോ ഭരണഘടനയുടെ ആർട്ടിക്കിൾ 142ലെയോ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഭരണഘടനയുടെയോ നിലവിലുള്ള നിയമത്തിന്‍റെയോ നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായതോ അവയ്ക്ക് വിരുദ്ധമല്ലാത്തതോ ആയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നുണ്ടോ?
ഉത്തരം: ഈ ചോദ്യം വളരെ വിശാലമായതിനാല്‍ ഖണ്ഡിതമായി ഉത്തരം നല്‍കാന്‍ കഴിയില്ല. അനുച്ഛേദം 142ന്‍റെ വ്യാപ്തി പത്താമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
14. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരമുള്ള ഒരു കേസിലൂടെയല്ലാതെ, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയുടെ മറ്റേതെങ്കിലും അധികാരപരിധി ഭരണഘടന വിലക്കുന്നുണ്ടോ?
ഉത്തരം: ഈ ചോദ്യം വസ്തുതകളും സ്വഭാവവുമായി ബന്ധമില്ലാതെ അപ്രസക്തമാണെന്ന് കണ്ടെത്തിയതിനാൽ ഉത്തരം നൽകുന്നില്ല.