
ന്യൂഡൽഹി: ഒന്നാം പിണറായി സർക്കാർ രൂപീകരിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബർ 10 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി നിർദേശം.
പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് ഹർജിക്കാർക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹർജിക്കാർക്ക് പകർപ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നതെന്ന് പറഞ്ഞ് റിപ്പോർട്ട് അദികകാലം രഹസ്യമായി വക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.