
ന്യൂഡൽഹി: ദി കേരള സ്റ്റോറി സിനിമ നിരോധിച്ചതിൽ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. നിരോധിച്ചത് എന്തുകൊണ്ടെന്ന് ബുധനാഴ്ച്ചക്കകം മറുപടി നൽകണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ബംഗാളിൽ സിനിമ നിരോധിച്ചതിനെതിരെ സിനിമയുടെ സംഘാടകർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യത്ത് മറ്റ് ഇടങ്ങളിലെല്ലാം സിനിമ പ്രദർശിപ്പിക്കുന്നുണ്ടല്ലോ പിന്നെ ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിനിമ നിരോധിച്ചതെന്ന് ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. തിയറ്ററുകളിൽ നിന്ന് സിനിമ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിനോടും കോടതി മറുപടി ആരാഞ്ഞു.