

പ്രധാനമന്ത്രി നരേന്ദ്ര മോദി
സൂറത്ത്: ഗുജറാത്തിൽ മത്സ‍്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ എതിർപ്പുമായി വ‍്യാപാരികൾ. സൂറത്തിലുള്ള നൻപുരയിലെ ലക്കാദ്കോട്ടിൽ നിർമിച്ച മത്സ‍്യച്ചന്തയ്ക്ക് ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ് എന്നാണ് പേര് നൽകിയത്.
എന്നാൽ പ്രധാനമന്ത്രി ജീവിതത്തിൽ ഇതുവരെ മത്സ‍്യാഹാരം കഴിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് സ്ഥാപിക്കാൻ സാധിക്കില്ലെന്ന് മത്സ‍്യവ‍്യാപാരിയായ സുരേന്ദ്ര ലഷ്കരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
മത്സ‍്യച്ചന്തയുടെ കവാടത്തിൽ മോദിയുടെ പേരും ചിത്രവും സഹിതമുള്ള ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഔദ‍്യോഗിക അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം. ഏകദേശം 9-10 കോടി ചെലവിലാണ് മത്സ‍്യച്ചന്ത നിർമിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി മത്സ‍്യ സമ്പത്ത് യോജനയിൽ നിന്നും 3 കോടി രൂപ അനുവദിച്ചിരുന്നു. ബോർഡ് നീക്കുമെന്ന് സൂറത്ത് ഫിഷ് മെർച്ചന്‍റ് അസോസിയേഷൻ ഉറപ്പ് നൽകിയതായി സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.