നിഥാരി കൊലക്കേസ്; സുപ്രീം കോടതി വെറുതെ വിട്ടയാൾ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ

സുപ്രീം കോടതി വെറുതെ വിട്ട സുരേന്ദ്ര കോലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Surendra Koli, who was acquitted in nithari serial killing case found dead

സുരേന്ദ്ര കോലി

Updated on

ഹരിദ്വാർ: രാജ്യത്തെ നടുക്കിയ നിഥാരി കൊലക്കേസിൽ സുപ്രീം കോടതി വെറുതെ വിട്ട സുരേന്ദ്ര കോലിയെ ഹരിദ്വാറിലെ ചായക്കടയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ചായക്കട തുടങ്ങിയതെന്നും അൽമോറയിലെ മംഗ്രുഖാൽ സ്വദേശിയായ സുരേന്ദ്ര കോലി കുറച്ച് മാസങ്ങളായി ഹരിദ്വാറിലാണ് താമസിച്ചിരുന്നതെന്നും ഉത്തരാഖണ്ഡിലെ പൊലീസ് ഉദ‍്യോഗസ്ഥനായ കുന്ദൻ സിങ് റാണ പറഞ്ഞു.

ചായക്കട വാടകയ്ക്കെടുക്കുന്നതിനു മുൻപ് സുരേന്ദ്ര കോലി സെക‍്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നതായും പൊലീസ് വ‍്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും ആത്മഹത‍്യാക്കുറിപ്പൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. അൽമോറയിലുള്ള സുരേന്ദ്ര കോലിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

2005 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറിൽ നിഥാരി എന്ന സ്ഥലത്ത് അഴുക്കുചാലിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറം ലോകം അറിയുന്നത്.

17 ഓളം പെൺകുട്ടികളുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നു കണ്ടെത്തിയത്. മിഠായിയും ചോക്കലേറ്റും കാണിച്ച് പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി സുരേന്ദ്ര കോലി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. മൃതദേഹങ്ങളോടും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നതായും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിച്ചതായും പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ തെളിയിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളും കേസില്‍ പിടിയിലായി. നിഥാരി കൂട്ടകൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കം ചുമത്തിയായിരുന്നു കേസ്. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർ മുൻപാണ് വധശിക്ഷ കോടതി റദ്ദാക്കിയത്.

logo
Metro Vaartha
www.metrovaartha.com