ദുബായ് കിരീടാവകാശി ഡൽഹിയിൽ; സ്വീകരിച്ചത് സുരേഷ് ഗോപി | Video
ന്യൂഡൽഹി: ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിനു തുടക്കം. കേന്ദ്ര ടൂറിസം - പെട്രോളിയം - പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് അതിഥിയെ പാലം വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചത്.
ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ഷെയ്ക്ക് ഹംദാന്‍റെ ബഹുമാനാർഥം സാംസ്കാരിക സംഗീത പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യ - യുഎഇ ബന്ധത്തിൽ നിർണായകമായ നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാന് ഡൽഹിയിൽ നൽകിയ ഗാർഡ് ഒഫ് ഓണർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷെയ്ക്ക് ഹംദാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ദുബായ് കിരീടാവകാശി എന്ന ഔദ്യോഗിക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഔപചാരിക ഇന്ത്യ സന്ദർശനമാണിത്. രാജകുമാരനൊപ്പമുള്ള ഉന്നതതല പ്രതിനിധി സംഘത്തിൽ യുഎഇയിലെ മുതിർന്ന മന്ത്രിമാരും വ്യവസായ നേതാക്കളും ഉൾപ്പെടുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്ന ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ.
ഇന്ത്യ സന്ദർശിക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാനെ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ സ്വീകരിക്കുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി