മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

പ്രതിയെ വധിച്ചത് മുംബൈ പൊലീസിന്‍റെ കമാൻഡോകൾ.
Suspect who held 17 children hostage in Mumbai killed
Panic, relief

രോഹിത് ആര്യ

Updated on

മുംബൈ: നഗരത്തെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തി 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ അമ്പതുകാരനെ മുംബൈ പൊലീസ് വെടിവച്ചുകൊന്നു. കുട്ടികളടക്കം ബന്ദികളാക്കപ്പെട്ട മുഴുവൻ പേരെയും മോചിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പവായ് മഹാവീര്‍ ക്ലാസിക് കെട്ടിടത്തിലെ ആര്‍എ സ്റ്റുഡിയോയിലാണു സംഭവം. സ്കൂൾ അധ്യാപകൻ രോഹിത് ആര്യയാണ് കൊല്ലപ്പെട്ടത്.

കുട്ടികളെ വിട്ടയയ്ക്കാനുള്ള അഭ്യർഥനകൾ അവഗണിച്ച ഇയാൾ പൊലീസിനു നേരേ എയർഗൺ ഉപയോഗിച്ചു വെടിയുതിർത്തു. ഇതോടെ, കമാന്‍ഡോ ഓപ്പറേഷനെത്തിയ സംഘത്തിന്‍റെ തലവന്‍ രോഹിത് ആര്യയ്ക്കു നിറയൊഴിക്കുകയായിരുന്നു. പരുക്കേറ്റ ഇയാളെ മുംബൈയിലെ ജെജെ ആശുുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഇയാൾക്കു മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്.

രോഹിത് ആര്യ സ്വന്തമായി നടത്തിയിരുന്ന യുട്യൂബ് ചാനലിന്‍റെ ഓഡിഷനെന്ന പേരിൽ നാലു ദിവസമായി ഇയാൾ കുട്ടികളെ സ്റ്റുഡിയോയിലേക്കു വിളിച്ചിരുന്നു. 100 കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. ഇന്നലെ രാവിലെ എത്തിയ 17 കുട്ടികൾ ഉച്ചയായിട്ടും തിരികെയെത്താത്തതിനാൽ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ, ഉച്ചയ്ക്ക് 1.45ഓടെ മഹാവീര്‍ ക്ലാസിക് കെട്ടിടത്തിലെ ആര്‍ എ സ്റ്റുഡിയോയില്‍ ഒരാള്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയിരിക്കുന്നെന്ന ഫോണ്‍ സന്ദേശം പൊലീസിന് ലഭിച്ചെന്നു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ദത്ത നളവാഡെ പറഞ്ഞു.

തുടർന്ന് കുട്ടികളെ വിട്ടയയയ്ക്കാൻ പൊലീസ് ഇയാളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, പൊലീസ് കമാൻഡോകൾ കെട്ടിടത്തിന്‍റെ ശുചിമുറിയിലൂടെ സ്റ്റുഡിയോയ്ക്കുള്ളിൽ കയറി. എന്നാൽ, കുട്ടികളെ പരിചയാക്കി പൊലീസിനെ നേരിടാനായിരുന്നു ആര്യയുടെ നീക്കം. എയര്‍ഗണ്‍ ഉപയോഗിച്ച് രോഹിത് ആര്യ പൊലീസിനു നേരേ വെടിയുതിര്‍ത്തു.

കമാൻഡോ സംഘത്തലവൻ തിരികെ ഒരു റൗണ്ട് വെടിയുതിർത്തതോടെ ഒരു ബുള്ളറ്റ് രോഹിതിന്‍റെ നെഞ്ചില്‍ തറച്ചു. ഇയാളെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ പിന്നീട് രക്ഷകർത്താക്കൾക്കു കൈമാറി. 15 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമായിരുന്നു ബന്ദികളാക്കിയത്. രോഹിത് ആര്യയുടെ കൈവശം ഒരു എയര്‍ഗണ്ണും ചില രാസവസ്തുക്കളും ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. രക്ഷാ പ്രവർത്തനം 35 മിനിറ്റോളം നീണ്ടുനിന്നു.

രോഹിത് ആര്യയുടെ ലക്ഷ്യമെന്ത്

കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യയുടെ ഉദ്ദേശ്യമെന്താണെന്ന് ഇപ്പോഴും പൂർണമായി വ്യക്തമല്ല. "ചില ആളുകളോട് ' സംസാരിക്കണമെന്ന തന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളാക്കിയ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന് തീയിടുമെന്നുമായിരുന്നു ഇയാൾ വിഡിയൊ സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയത്. താന്‍ തീവ്രവാദിയല്ലെന്നും കുട്ടികളെ മോചിപ്പിക്കാന്‍ വലിയ തുക ആവശ്യപ്പെടുന്നില്ലെന്നും പ്രതി പറഞ്ഞു. കുട്ടികളെ ബന്ദികളാക്കാനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

' എന്‍റെ സ്‌കൂള്‍, മനോഹരമായ സ്‌കൂള്‍ ' എന്ന പദ്ധതിക്കായി രോഹിത് ആര്യ സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്കൂൾ കുട്ടികളെ ശുചീകരണത്തിന്‍റെ അംബാസഡർമാരാക്കാൻ താൻ തുടങ്ങിവച്ച പദ്ധതിയുമായി ചേർന്നാണിത് തുടങ്ങിയതെന്നു രോഹിത് പറയുന്നു. പദ്ധതിക്കു വേണ്ടി രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും ഇതു നൽകിയില്ല. തുടർന്ന് 2024ല്‍ സര്‍ക്കാരിനെതിരേ രോഹിത് ഒരു പ്രക്ഷോഭം ആരംഭിച്ചു. ഇതേ തുടര്‍ന്നു മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേശാര്‍ക്കര്‍ പ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പിലായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com