

സ്വതന്ത്ര ഭരദ്വാജ്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിനെ ഒരു ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു.
എസ്‌സി- എസ്ടി അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പട‍്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് അഞ്ജലി സിങ്ങിന് മുന്നിൽ വിഡിയോ കോൺഫറൻസ് മുഖേന സ്വതന്ത്ര ഭരദ്വാജിനെ ഹാജരാക്കിയിരുന്നു. അതേസമയം, സ്വതന്ത്ര ഭരദ്വാദാജിനെതിരേ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പിയുഷ് ജെയിൻ വ‍്യക്തമാക്കി.
സ്വതന്ത്ര ഭരദ്വാജിനെതിരേയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്വതന്ത്ര ഭരദ്വാജ് ജയിലിൽ വച്ച് ആക്രമിക്കപ്പെടാൻ സാധ‍്യതയുണ്ടെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന് മറുപടി നൽകാൻ ചില രാജ‍്യവിരുദ്ധ ശക്തികൾ സ്വതന്ത്ര ഭരദ്വാജിനെ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാരും ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്തയും തിഹാർ ജയിലിൽ അദ്ദേഹത്തിന് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നും അഭിഭാഷകൻ ആവശ‍്യപ്പെട്ടു.
ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിങ് ലാലെറുടെ വസതിയിൽ ഇയാളെ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതിയെ ഒരു ദിവസം കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ‍്യം ജഡ്ജി അംഗീകരിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തത്. സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിനെ ആക്രമിച്ച കാര‍്യം ഇയാൾ തന്നെയാണ് വിഡിയോയിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.