സ്വിഗ്ഗി വഴി ഇനി സ്വർണവും; 'Z+ സുരക്ഷ' ആണല്ലോ എന്ന് നെറ്റിസൺസ്! | Video

സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് ഇനി മുതൽ ധൈര്യമായി സ്വർണവും വാങ്ങാം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കണ്ട വിഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. വീഡിയോയിൽ ഡെലിവറി ഏജന്‍റ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. ഡെലിവറി ഏജന്‍റിനു പിന്നിലായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ കൈകളിൽ ഒരു ലോക്കറും ദൃശ്യങ്ങളിൽ കാണാം. അക്ഷയ തൃതീയ ദിനത്തിൽ ഒരു ഉപയോക്താവിന് സ്വർണം ഡെലിവറി ചെയ്യാൻ പോകുന്ന സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഏജന്‍റിന്‍റെ ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് ഇത് പങ്കുവയ്ക്കുകയും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെ ടാഗ് ചെയ്യുകയും ചെയ്തത്.

സ്വിഗ്ഗിയും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാ പേജ് വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന വീഡിയോയ്ക്ക് താഴെ ഒരാൾ ചോദിച്ചപ്പോൾ മറുപടിയായി സ്വിഗ്ഗി കുറിച്ചത്, 'യഥാർത്ഥ സ്വർണം ഡെലിവറി ചെയ്യുന്നതിന് യഥാർത്ഥ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യമാണ്' എന്നായിരുന്നു. സ്വിഗ്ഗി ഏജന്‍റിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കയ്യിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കറിനോടൊപ്പം തന്നെ വലിപ്പമുള്ള ഒരു ലാത്തിയും ഏറെ ശ്രദ്ധ നേടി. അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് കല്യാൺ ജ്വല്ലേഴ്‌സുമായി കൈകോർത്താണ് സ്വിഗ്ഗി ഇത്തരത്തിൽ ഒരു ഡെലിവറി സംരംഭത്തിന് തുടക്കം കുറിച്ചത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com