
മൗലവി അമീർ ഖാൻ മുത്തഖി |എസ്. ജയശങ്കർ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ ഇന്ത്യയെ വളരെ അടുത്ത സുഹൃത്തായാണ് കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി. വെള്ളിയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു മുത്തഖിയുടെ പ്രതികരണം.
''അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം പ്രതികരിച്ചത് ഇന്ത്യയായിരുന്നു. അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായിട്ടാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു കൂടിയാലോചനാ സംവിധാനം സൃഷ്ടിക്കാൻ ഞങ്ങൾ തയ്യാറാണ്,'' മുത്തഖി പറഞ്ഞു.
ഡൽഹിയിൽ എത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും മുത്തഖി പറഞ്ഞു. ഇന്ത്യയും അഫ്ഗാനിസ്ഥാനും അവരുടെ ഇടപെടലുകളും കൈമാറ്റങ്ങളും വർധിപ്പിക്കണം. നമ്മുടെ പ്രദേശം മറ്റുള്ളവർക്കെതിരേ ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ നിരോധനങ്ങളും സ്വത്ത് മരവിപ്പിക്കലും ഉൾപ്പെടെയുള്ള യുഎൻ ഉപരോധങ്ങൾക്ക് വിധേയമായതിനാൽ, യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയിൽ നിന്ന് താൽക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാൻ നേതാവ് ഡൽഹിയിൽ എത്തിയത്. 2021 ൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഒരു അഫ്ഗാൻ പ്രതിനിധി ഇന്ത്യയിലെത്തുന്നത്.