തമിഴ് ആന്തം നിർബന്ധമാക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി

തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായി ആലപിക്കണം

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' (തമിഴ്നാടിന്‍റെ സംസ്ഥാന ഗാനം) നിർബന്ധമായി ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിന് പ്രതിപക്ഷമായ ഡിഎംകെഉം അണ്ണാ ഡിഎംകെയും ഉൾപ്പെടെയുള്ള വിവിധ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ ഭാഷാപരവും സാംസ്കാരികവുമായ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ് വെറും ഒരു ഭാഷയല്ല, മറിച്ച് നമ്മുടെ ജീവനും വികാരവുമാണെന്ന് വികാരാധീനമായ പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ് പറഞ്ഞു. മാതൃഭാഷ സ്വന്തം അമ്മയെപ്പോലെ പവിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് തായ് വാഴ്ത്തു പാടുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയ്‌ക്കോ രാഷ്ട്രീയ വ്യവസ്ഥയ്‌ക്കോ എതിരല്ലെന്നും, അത് 'നാനാത്വത്തിൽ ഏകത്വം' എന്ന തത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് മുൻപ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ നൽകിയ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാരിന്‍റെ ഈ നടപടി.

1891-ൽ മനോന്മണീയം സുന്ദരനാർ രചിച്ച 'മനോന്മണീയം' എന്ന നാടകത്തിലെ ഗാനമാണ് 'തമിഴ് തായ് വാഴ്ത്ത്'. 1970 നവംബർ 23 മുതൽ സർക്കാർ ചടങ്ങുകളുടെ തുടക്കത്തിൽ ഇത് ആലപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് 2021 ഡിസംബർ 12-നാണ് സർക്കാർ ഇതിനെ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചത്.

സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം പരിപാടികളുടെ തുടക്കത്തിൽ ഇനി മുതൽ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും പാടേണ്ടതുണ്ടെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയതായി സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com