പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും രംഗത്തുവന്നു
M.K. Stalin, Joseph Vijay

എം.കെ. സ്റ്റാലിൻ, ജോസഫ് വിജയ്

Updated on

ചെന്നൈ: പറന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ തമിഴ്നാട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഭ പ്രക്ഷുബ്ധമായത്. വിജയ്‌യെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും രംഗത്തുവന്നു.

കർഷകരുടെ താൽപര്യം മുൻനിർത്തി പറന്തൂരിലെ ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്നും പകരം സ്ഥലം ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിഎംകെ അംഗങ്ങൾ പ്രതിഷേധിച്ചത്.

വിഷയത്തിൽ ചർച്ച അനുവദിക്കണമെന്ന് ഡിഎംകെ അംഗം ഇ.വി. വേലു സ്പീക്കർ ജെ.സി. പ്രഭാകറിനോട് ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തുമ്പോൾ അതിന്മേൽ ചർച്ച അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സർക്കാരിന്‍റെ നയമാറ്റ തീരുമാനത്തിലും വിഷയത്തിൽ ചർച്ച അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയത്.

പദ്ധതിയുടെ ആവശ്യകത ചർച്ച ചെയ്യുന്നതിനായി ഡിഎംകെ നേരത്തെ തന്നെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം നൽകിയിരുന്നുവെന്ന് പിന്നീട് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ മുൻ ധനമന്ത്രി തങ്കം തെന്നരശു പറഞ്ഞു. ചർച്ച പെട്ടെന്ന് അവസാനിപ്പിച്ചതിലൂടെ സംസാരിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശമാണ് സ്പീക്കർ നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരേ സ്റ്റാലിനും രംഗത്തെത്തി. നിസാര രാഷ്ട്രീയ പരിഗണനകൾക്കായി തമിഴ്നാടിന്‍റെ താൽപര്യങ്ങൾ പണയംവയ്ക്കാനാകില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ഭരണകാലത്ത് ആവിഷ്കരിച്ച പദ്ധതിയുടെ നിർദേശം തള്ളിയത് വലിയ നിരാശയാണ്. തമിഴ്നാടിന്‍റെ വളർച്ചയ്ക്ക് തിരിച്ചുപിടിക്കാനാകാത്ത തിരിച്ചടിയാണ് ഈ തീരുമാനം. പ്രഖ്യാപനം സംസ്ഥാനത്തിന്‍റെ വികസനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കും. പറന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com