

ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം മണ്ഡലത്തിൽ പ്രചാരണം നടത്തി ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്. ടിവികെ സ്ഥാനാർഥിയായ മരഗതം കുമാരവേലിന് വോട്ട് തേടി വിജയ് വെള്ളിയാഴ്ച മണ്ഡലത്തിൽ റോഡ്ഷോ നടത്തി.
മണ്ഡലത്തിലെ 30ലധികം ഗ്രാമങ്ങളിലൂടെ വിജയ്‌യുടെ റോഡ്ഷോ കടന്നുപോയി. വിജയ്‌യെ കാണാൻ നൂറുകണക്കിനു പേരാണ് ഗ്രാമങ്ങളിൽ തടിച്ചുകൂടിയിരുന്നത്. പ്രചാരണം കൊഴുപ്പിക്കാൻ പ്രധാന കവലകളിൽ ടിവികെ പ്രവർത്തകർ കലാപരിപാടികളും സംഘടിപ്പിച്ചു. ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് മധുരാന്തകം.
ഒക്റ്റോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ്. എഐഎഡിഎംകെയിൽ എംഎൽഎ സ്ഥാനം രാജിവച്ചെത്തിയ മരഗതം കുമാരവേൽ ടിവികെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. എഐഎഡിഎംകെയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ മരഗതം കുമാരവേലിനെ ടിവികെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ധാരാപുരം മണ്ഡലത്തിലും ഒക്റ്റോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കും. എഐഎഡിഎംകെയിൽ നിന്ന് എത്തിയ പി. സത്യഭാമയാണ് ധാരാപുരത്ത് ടിവികെ സ്ഥാനാർഥി. വിജയപ്രതീക്ഷയാണ് സത്യഭാമയും പുലർത്തുന്നത്.