തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഭരണകക്ഷിയായ ടിവികെയ്ക്ക് നൽകിയ പിന്തുണയിൽ നിന്ന് അകലം പാലിച്ചാണ് സിപിഎം, സിപിഐ എന്നീ ഇടതുപാർട്ടികൾ സ്വന്തം സ്ഥാനാർഥികളെ നിർത്തുന്നത്
Tamil Nadu by-election: Left parties to announce candidates.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഇടതുപാർട്ടികൾ

Updated on

ചെന്നൈ: ഒക്റ്റോബർ ആറിന് നടക്കുന്ന തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ഇടതുപാർട്ടികൾ. ഭരണകക്ഷിയായ ടിവികെയ്ക്ക് നൽകിയ പിന്തുണയിൽ നിന്ന് അകലം പാലിച്ചാണ് സിപിഎം, സിപിഐ എന്നീ ഇടതുപാർട്ടികൾ സ്വന്തം സ്ഥാനാർഥികളെ നിർത്തുന്നത്. സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

മുൻപ് ഡിഎംകെ സഖ്യത്തിലായിരുന്ന ഇടതുപാർട്ടികൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മുഖ്യമന്ത്രി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് ഒപ്പം ചേർന്നത്. ടിവികെയ്ക്ക് നിരുപാധികം പിന്തുണയാണ് ഇടതുപാർട്ടികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്വന്തം ശക്തി തെളിയിക്കുന്നതിന് വേണ്ടിയാണ് ഇടതുപാർട്ടികൾ ഇപ്പോൾ സ്വന്തം സ്ഥാനാർഥികളുമായി മത്സരരംഗത്തേക്ക് എത്തുന്നത്.

മധുരാകതം, ധാരാപുരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. സ്വതന്ത്ര ഇടതു മുന്നണി ആയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുക. സിപിഎം മധുരാകതത്തുനിന്ന് മത്സരിക്കുമ്പോൾ സിപിഐ ധാരാപുരത്തുനിന്നാണ് ജനവിധി തേടുക. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന മണ്ഡലങ്ങളാണ് രണ്ടും. ഉപതെരഞ്ഞെടുപ്പിൽ ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ഇടതുപാർട്ടികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ടിവികെ, എഐഡിഎംകെ, ഡിഎംകെ എന്നീ പാർട്ടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എഐഡിഎംകെ എംഎൽഎമാരായ മരഗതം കുമാരവേൽ, പി. സത്യഭാമ എന്നിവരാണ് ടിവികെയുടെ സ്ഥാനാർഥികൾ.

മുൻ നിയമസഭാംഗം കനിത സമ്പത്ത്, കെ. ഭാനുമതി എന്നിവരെയാണ് എഐഡിഎംകെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഐ. പരന്തമൻ, എസ്. സുഗന്യ എന്നിവരാണ് ഡിഎംകെയുടെ സ്ഥാനാർഥികൾ.

logo
Metro Vaartha
www.metrovaartha.com