

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും
ചെന്നൈ: ഒക്റ്റോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച പ്രചാരണം ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമായ മധുരാന്തകത്ത് വൈകിട്ട് മൂന്നിനാണ് ആദ്യ പ്രചാരണ പരിപാടി.
ചെന്നൈ മറീന ബീച്ചിന് സമീപം പുതിയ സെക്രട്ടേറിയറ്റ്-അസംബ്ലി സമുച്ചയം നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ ശക്തമായ പ്രതിഷേധവും വൈദ്യുതി മുടക്കവും ഉൾപ്പെടെയുള്ള വിഷയങ്ങൾക്കിടെയാണ് വിജയ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ചെങ്കൽപേട്ട് ജില്ലയിൽ ഉൾപ്പെടുന്ന മധുരാന്തകം, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ക്യുആർ കോഡുള്ള പരിപാടി പാസ് കൈവശമുള്ളവരെ മാത്രമേ വേദിയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ടിവികെ അറിയിച്ചു. പ്രായമായവരും ഗർഭിണികളും ഉൾപ്പെടെയുള്ളവർ പ്രചാരണ വേദിക്ക് സമീപം ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും പാർട്ടി അഭ്യർഥിച്ചു.
ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച എഐഎഡിഎംകെ എംഎൽഎമാരായ മരഗതം കുമാരവേലും പി. സത്യഭാമയും രാജിവച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇരുവരെയും ടിവികെ അതേ മണ്ഡലങ്ങളിൽ നിന്ന് വീണ്ടും സ്ഥാനാർഥികളാക്കിയിട്ടുണ്ട്.
ടിവികെയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകുന്ന ഇടതുപാർട്ടികൾ ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇവർ ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായാണ് മത്സരിക്കുന്നത്.
പ്രധാന പ്രതിപക്ഷമായ ഡിഎംകെ, എഐഎഡിഎംകെ, തമിഴ് ദേശീയവാദി പാർട്ടിയായ എൻടികെ എന്നിവയുടെ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും നിയമസഭയിലെ അംഗബലം വർധിപ്പിക്കുന്നതിനായി ടിവികെ "എഐഎഡിഎംകെ എംഎൽഎമാരെ പ്രലോഭിപ്പിച്ചതിലൂടെ" ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന പ്രചാരണ വിഷയം. "നീതിക്കായി" എന്ന മുദ്രാവാക്യവുമായി എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.
വിജയ് തന്‍റെ ആദ്യ പ്രചാരണത്തിൽ പ്രതിപക്ഷത്തിന്‍റെ ഈ ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി അധ്യക്ഷന്‍റെ ജനപ്രീതിയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുന്നതും നവജാത ശിശുക്കൾക്ക് സ്വർണ മോതിരം നൽകുന്നതും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളിലുമാണ് ഭരണകക്ഷിയായ ടിവികെ പ്രതീക്ഷ അർപ്പിക്കുന്നത്. 2026 മേയിൽ അധികാരമേറ്റതിന് ശേഷം ടിവികെ സർക്കാർ അഭിമുഖീകരിക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്.
ഇതിനിടെ സത്യഭാമയുടെയും മരഗതം കുമാരവേലിന്‍റെയും നാമനിർദേശ പത്രികകൾ സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.