തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

സാമൂഹിക നീതി മന്ത്രി വണ്ണി അരസുവിന്‍റെ നിർദ്ദേശമാണ് വിവാദത്തിലായത്
Tamil Nadu government's proposal to include beef in student hostels sparks controversy.

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

Updated on

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിലെ ഭക്ഷണ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുന്നുവെന്ന സാമൂഹിക നീതി മന്ത്രി വണ്ണി അരസുവിന്‍റെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയ വിവാദം. ഇതിനെ ശക്തമായി എതിർത്ത പുതിയ തമിഴകം പ്രസിഡന്‍റ് കെ. കൃഷ്ണസ്വാമി ഇത് പൊതുവികാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചു.

സർക്കാർ നടത്തുന്ന വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് നൽകുന്നത് സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും നിരവധി വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തുമെന്നും കൃഷ്ണസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ഹോസ്റ്റലുകളിൽ പരമ്പരാഗതമായി മുട്ട, ചിക്കൻ, മട്ടൺ എന്നിവയാണ് നൽകുന്നത്. ഈ നയം മാറ്റുന്നത് ഉചിതമല്ല. മന്ത്രി വണ്ണി അരസു തന്‍റെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കിൽ സെപ്റ്റംബർ 30ന് ജില്ലാ കളക്റ്റർമാരുടെ ഓഫീസുകൾക്കും മന്ത്രിയുടെ വസതിക്കും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കൃഷ്ണസ്വാമി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് സെയ്ദാപേട്ടിലെ എം.സി. രാജ സാമൂഹിക നീതി ഹോസ്റ്റൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ചില ഹോസ്റ്റൽ വിദ്യാർഥികൾ നിലവിലുള്ള ചിക്കൻ, മട്ടൺ വിഭവങ്ങൾക്കൊപ്പം നോൺ വെജിറ്റേറിയൻ വിഭാഗത്തിൽ ബീഫും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി അരസു പറഞ്ഞത്. നിലവിൽ ചിക്കനും മട്ടണും മാറിമാറിയാണ് സർക്കാർ ഹോസ്റ്റലുകളിൽ നൽകുന്നത്. തിങ്കളാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ ബിരിയാണി നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

വിദ്യാർഥികളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ മെനുവിൽ പതിവായി മാറ്റങ്ങൾ വരുത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ഇഷ്ടപ്പെടാത്ത ഉപ്പുമാവ്, സേമിയ തുടങ്ങിയ വിഭവങ്ങൾക്ക് പകരം ഇഡലിയും ദോശയും ഉൾപ്പെടുത്തിയതും ഇതിന്‍റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com