
കുട്ടികളുടെ മരണം; തമിഴ്‌നാട്ടിൽ ഒരാൾ അറസ്റ്റിൽ
ചെന്നൈ: കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കോൾഡ്രിഫ് നിർമിച്ച ശ്രേശൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമ എസ് രംഗനാഥൻ അറസ്റ്റിൽ. ബുധനാഴ്ച രാത്രി ചെന്നൈയിൽ വച്ച് മധ്യപ്രദേശ് പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 20 ഓളം കുട്ടികളുടെ മരണവുമായി ഈ സിറപ്പിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.രംഗനാഥനെ വ്യാഴാഴ്ച ചെന്നൈ കോടതിയിൽ ഹാജരാക്കുമെന്നും ട്രാൻസിറ്റ് റിമാൻഡ് ലഭിച്ചുകഴിഞ്ഞാൽ ചിന്ദ്വാരയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
വ്യാവസായത്തിനായി സാധാരണയായി ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) കോൾഡ്രിഫിൽ അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചെറിയ അളവിൽ ഡിഇജി (Diethylene Glycol) പോലും ഇത് മാരകമായേക്കാം. കോൾഡ്രിഫ് കഴിച്ചതിനുശേഷം കുട്ടികൾക്ക് വൃക്ക അണുബാധയുണ്ടാവുകയും 20 കുട്ടികൾ മരിക്കുകയും 5 പേർ ചികിത്സയിൽ തുടരുകയുമാണ്.