

രാധൻ പണ്ഡിറ്റ് | വിജയ്
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്‍റെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ (OSD) ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി. പ്രതിപക്ഷത്തിന്‍റെ കടുത്ത വിമർശനത്തെ തുടർന്നാണ് മനംമാറ്റം.
ചൊവ്വാഴ്ചയാണ് രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യങ്ങൾക്കുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫിസറായി നിയമിച്ചത്. ഭരണപരമായ കാര്യങ്ങളിൽ വ്യക്തിപരമായ വിശ്വാസങ്ങൾക്ക് സ്ഥാനമുണ്ടാകരുത് എന്ന് ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ പാർട്ടികൾ ഈ നിയമനത്തിനെതിരേ രംഗത്തെത്തിയിരുന്നു.
വിജയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് വെട്രിവേൽ. തമിഴക വെട്രി കഴകം (TVK) രൂപീകരണ സമയം മുതൽ രാഷ്ട്രീയ ആശയവിനിമയങ്ങളിലും ഏകോപനത്തിലും ഇദ്ദേഹം സജീവ പങ്കുവഹിച്ചിരുന്നു. വിജയ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.
ടിവികെയുടെ ഔദ്യോഗിക വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ ചർച്ചകളിലും മറ്റും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ ഇദ്ദേഹം സജീവമായിരുന്നു.
മുഖ്യമന്ത്രി വിജയുടെ വിശ്വസ്ത വൃത്തങ്ങളിൽ ഉൾപ്പെട്ടയാളാണ് വെട്രിവേൽ. എന്നാൽ സർക്കാർ പദവിയിൽ ജ്യോത്സ്യനെ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയതോടെയാണ് മുഖ്യമന്ത്രി തീരുമാനം മാറ്റാൻ തയാറായത്.