
ചെന്നൈ: കുടിയേറ്റ തൊഴിലാളികൾക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്നു തമിഴ് ചലച്ചിത്ര നിർമാതാവും നടനും രാഷ്ട്രീയപ്രവർത്തകനുമായ സീമാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നാം തമിഴർ കച്ചി നേതാവായ സീമാൻ ഫെബ്രുവരി പതിമൂന്നിന് ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഈറോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സീമാന്‍റെ പ്രസംഗം. തൊഴിലാളികൾക്കെതിരെ കേസ് പടച്ചുണ്ടാക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ കഴിഞ്ഞദിവസം ബിഹാർ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സീമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊഴിലാളികൾക്കെതിരെ വ്യാജ വാർത്ത നൽകിയതിനു രണ്ടു മാധ്യമ പ്രവർത്തകർക്കെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.