
അമരാവതി: ഇടക്കാല ജാമ്യത്തെത്തുടർന്ന് ജയിൽ മോചിതനായ ടിഡിപി നേതാവ് എൻ. ചന്ദ്ര ബാബു നായിഡുവിനെ വൻ സ്വീകരണത്തോടെ ആനയിച്ച് പ്രവർത്തകർ. രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ നിന്നും 13 മണിക്കൂർ നീണ്ടു നിന്ന യാത്രക്കു ശേഷം ബുധനാഴ്ച പുലർച്ചയോടെയാണ് നായിഡു വീട്ടിലെത്തിയത്. വഴി നീളെ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കാത്തു നിന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് നായിഡു ജയിലിൽ നിന്നും യാത്ര തിരിച്ചത്.
ഉണ്ടവല്ലി മുതൽ ഗുണ്ടൂർ ജില്ല വരെ നൂറു കണക്കിന് പേർ വഴിയിൽ തടിച്ചു കൂടിയതോടെ 5 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതം സ്തംഭിച്ചു. ടിഡിപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വീട്ടിലെത്തിയ നായിഡു ഭാര്യ ഭുവനേശ്വരിക്കും ബന്ധുക്കൾക്കുമൊപ്പം പ്രാർഥന നടത്തി.
സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ നായിഡുവിന് ആരോഗ്യപ്രശ്നങ്ങൾ മുൻ നിർത്തിയാണ് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.