അധ്യാപക നിയമനം റദ്ദാക്കി, മമതയ്ക്ക് തിരിച്ചടി; 25,000 അധ്യാപകർക്ക് ജോലി നഷ്ടമാകും

പണം തിരിച്ചുപിടിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. സോമ ദാസിനു മാനുഷിക പരിഗണനയിലാണ് ഇളവ്
അധ്യാപക നിയമനം റദ്ദാക്കി, മമതയ്ക്ക് തിരിച്ചടി; 25,000 അധ്യാപകർക്ക് ജോലി നഷ്ടമാകും

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഏറെ വിവാദമുയർത്തിയ അധ്യാപക നിയമന കുംഭകോണത്തിൽ മമത ബാനർജി സർക്കാരിനു കനത്ത തിരിച്ചടി. 2016ൽ എയ്ഡഡ് സ്കൂളുകളിലേക്ക് നടത്തിയ മുഴുവൻ അധ്യാപക നിയമനങ്ങളും കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 25,753 അധ്യാപകർക്കാണ് ഇതോടെ ജോലി നഷ്ടമായത്. ഇവരിൽ ക്യാൻസർ ബാധിതയായ സോമ ദാസ് ഒഴികെയുള്ളവർ ഇതുവരെ വാങ്ങിയ ശമ്പളം നാലാഴ്ചയ്ക്കുള്ളിൽ 12 ശതമാനം പലിശയടക്കം ഖജനാവിലേക്കു തിരിച്ചടയ്ക്കണം. പണം തിരിച്ചുപിടിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. സോമ ദാസിനു മാനുഷിക പരിഗണനയിലാണ് ഇളവ്. ഇവർക്കു ജോലിയിൽ തുടരാം.

പൂരിപ്പിക്കാത്ത ഒഎംആർ ഷീറ്റുകൾ നൽകി നിയമവിരുദ്ധമായാണ് ഇവർ നിയമനം നേടിയതെന്നു ജസ്റ്റിസുമാരായ ദേബാംഗ്ശു ബസക്കും മുഹമ്മദ് ഷബ്ബാർ റഷീദിയും വ്യക്തമാക്കി. വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജിയും പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ ചെയർമാൻ സിദ്ധാർഥ് മജുംദാറും പ്രതികരിച്ചു. വിവാദമായ നിയമന പ്രക്രിയയെക്കുറിച്ചു മൂന്നു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. ഒഴിവുവന്ന തസ്തികകളിലേക്ക് പുതിയ നിയമനത്തിന് നടപടി ആരംഭിക്കാൻ സ്കൂൾ സർവീസ് കമ്മിഷനോടും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരം രൂപീകരിച്ച ബെഞ്ചാണ് ശക്തമായ നടപടിക്ക് ഉത്തരവിട്ടത്.

നിയമന അഴിമതിക്കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയുൾപ്പെടെ നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ബിജെപി നേതാക്കൾ കോടതിയെയും സ്വാധീനിച്ചെന്നാണ് വിധിക്കെതിരേ മമതയുടെ ആരോപണം. തിങ്കളാഴ്ച ഒരു രാഷ്‌ട്രീയ വിസ്ഫോടനമുണ്ടാകുമെന്നും അതിൽ തൃണമൂൽ കോൺഗ്രസ് കുലുങ്ങുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞിരുന്നു. ഇതു പരാമർശിച്ച മമത, 26000 പേരുടെ ജോലി നഷ്ടമാക്കി മരണത്തിലേക്കു തള്ളിയിടുന്നതാണോ വിസ്ഫോടനമെന്നു ചോദിച്ചു.

2016ൽ 24,640 തസ്തികകളിലേക്കുള്ള നിയമന പരീക്ഷയിൽ 23 ലക്ഷം പേർ പങ്കെടുത്തിരുന്നു. 25,753 പേർക്കു നിയമന ഉത്തരവ് നൽകി. ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള അധ്യാപകർ, ഗ്രൂപ്പ് സി, ഡി ജീവനക്കാർ എന്നിവരുടെ നിയമനത്തിനായിരുന്നു പരീക്ഷ. ഇതിൽ തൃണമൂൽ നേതാക്കൾ കോഴവാങ്ങിയശേഷം ഉത്തരമെഴുതാതെ ഒഎംആർ ഷീറ്റ് നൽകിയവരെ ജയിപ്പിച്ചെന്നാണ് ആരോപണം. പ്രൈമറി ക്ലാസുകളിലേക്കുള്ള 32000 അധ്യാപകരുടെ നിയമനം കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി അഭിജിത് ഗാംഗുലി പിന്നീടി രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. അദ്ദേഹം ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com