കൊച്ചുകുട്ടികൾ കൈയിൽ കിട്ടുന്നതെന്തും വിഴുങ്ങുന്ന ഒരു പരിപാടിയുണ്ട്. എന്നാൽ ഒരു 18 കാരി മൊബൈൽ ഫോൺ വിഴുങ്ങിയ അസാധാരണ വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. നീണ്ട 2 മണിക്കൂർ നേരത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഒടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്നും ഫോൺ പുറത്തെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സഹോദരനുമായി വഴക്കിട്ട 18 കാരി ഫോൺ വിഴുങ്ങുകയായിരുന്നു. ഫോൺ വിഴുങ്ങിയ ഉടനെ പെൺകുട്ടിക്ക് അസഹനീയമായ വയറുവേദനയും ഛർദ്ദിയും തുടങ്ങി. ഉടനെ തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ പിന്നീട് മറ്റൊരാശുപത്രിയിലേക്കും മാറ്റി. പെൺകുട്ടിയെ അൾട്രാസൗണ്ട് പേലെയുള്ള പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ഫോണിന്‍റെ സ്ഥാനം കണ്ടെത്തി.
ഗ്വാളിയോറിലെ ജില്ലാ ആശുപത്രിയിലെ സർജറി വിഭാഗം എച്ച്ഒഡി ഡോ.പ്രശാന്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി നീണ്ട 2 മണിക്കൂറിന്‍റെ പരിശ്രമത്തിന് ശേഷം പെൺകുട്ടിയുടെ വയറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു. 10 സ്റ്റിച്ചേസ് വേണ്ടിവന്നെന്നും നിലവിൽ കുട്ടിയുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൊണ്ടയിലൂടെ ഇത്രവലിയ വസ്തു എങ്ങനെയാണ് വയറ്റിലേക്ക് എത്തുന്നതെന്നും ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും ഡോക്‌ടർ സംഭവത്തിൽ പ്രതികരിച്ചു.