

കുളത്തിൽ കഴിയുന്ന ഇഖ്ബാൽ
മുംബൈ: ദുരൂഹമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഭൂരിഭാഗം സമയവും കുളത്തില്‍ കഴിയുന്ന പശ്ചിമ ബംഗാളിലെ കൗമാരക്കാരന് മുംബൈയില്‍ വിദഗ്ധ ചികിത്സ ഒരുക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അനന്ത് അംബാനി. മുര്‍ഷിദാബാദ് സ്വദേശിയായ ഇഖ്ബാലിനെയാണ് മുംബൈയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയനാക്കുന്നത്.
വെള്ളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശരീരമാകെ കടുത്ത എരിച്ചില്‍ അനുഭവപ്പെടുന്നതായി ഇഖ്ബാല്‍ പറയാറുണ്ടെന്ന് കുടുംബം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പകലും രാത്രിയും മണിക്കൂറുകളോളം കൗമാരക്കാരൻ കുളത്തില്‍ കഴിയാന്‍ തുടങ്ങിയത്. വെള്ളത്തില്‍ കഴിയുമ്പോള്‍ ഒരു അമാനുഷിക ശക്തി തന്നെ നിയന്ത്രിക്കുന്നതായി തോന്നുന്നുവെന്നും ഇഖ്ബാല്‍ പറഞ്ഞിരുന്നു.
കുളത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഇഖ്ബാലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാവിലെ മുതല്‍ രാത്രി വൈകും വരെ കുളത്തില്‍ കഴിയുന്ന കൗമാരക്കാരന്‍റെ അവസ്ഥയില്‍ പ്രദേശവാസികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിലപ്പോഴൊക്കെ ഒരു ജലാശയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയും ഇയാള്‍ ഏറെ നേരം വെള്ളത്തില്‍ കഴിയാറുണ്ടായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അനന്ത് അംബാനിയുടെ ഇടപെടലിലാണ് ഇഖ്ബാലിനെ മുംബൈയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ നടപടി സ്വീകരിച്ചത്. പശ്ചിമ ബംഗാളില്‍ നിന്ന് വിമാനമാര്‍ഗം മുംബൈയിലെത്തിച്ച ഇഖ്ബാലിനെ സര്‍ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്റ്റര്‍മാരുടെ നേതൃത്വത്തിൽ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുകയാണ് ഇപ്പോൾ.
ഇഖ്ബാലിന്‍റെ ചികിത്സയ്ക്കായി നേരത്തെ കുടുംബം ആശുപത്രികളെ സമീപിച്ചിരുന്നെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ദീര്‍ഘകാല ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ലാത്തതിനാല്‍ സഹായം തേടിയിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ഒടുവില്‍ ഇഖ്ബാലിന്‍റെ അവസ്ഥ കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടാനും മുംബൈയില്‍ വിദഗ്ധ ചികിത്സ ലഭിക്കാനും വഴിയൊരുക്കിയത്.