
ഡെറാഡൂൺ: ഈ മാസം 24 മുതൽ 28 വരെ നടക്കാനിരിക്കുന്ന തെഹ്രി അക്രോ ഫെസ്റ്റിവൽ ഉത്തരാഖണ്ഡിനെ ലോകത്തിന്റെ പാരാഗ്ലൈഡിങ് തലസ്ഥാനമാക്കി മാറ്റുമെന്നു പ്രതീക്ഷ. ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡാണ് (യുടിഡിബി) ഈ പ്രഖ്യാപനം നടത്തിയത്. 5 ദിവസം തെഹ്രിയുടെ ആകാശത്തെ ത്രസിപ്പിക്കുന്ന ഈ അക്രോബാറ്റിക് ഷോയിൽ ഏകദേശം 35 അന്താരാഷ്ട്ര അത്ലറ്റുകൾ ഉൾപ്പെടെ 150ലധികം പാരാഗ്ലൈഡർമാരുടെ പങ്കാളിത്തമാണുണ്ടാവുക.
ഗാംഭീര്യമുള്ള തെഹ്രി തടാകം പശ്ചാത്തലമാക്കി സാഹസിക കായിക വിനോദങ്ങളുടെ ഒരു പരമ്പരയ്ക്കാണു വേദിയൊരുങ്ങുന്നത്. ഇത് പാരാഗ്ലൈഡിങ്ങിനും വാട്ടർ സ്പോർട്സിനും അനുയോജ്യമായ കേന്ദ്രമാക്കി ഈ സ്ഥത്തെ മാറ്റും. തെഹ്രിയിലെ പാരാഗ്ലൈഡിങ് പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്ന വിവിധ ഏരിയൽ അക്രോബാറ്റിക്സ് ഇവന്റുകളും 3 ആവേശകരമായ മത്സരങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രതാപ് നഗറിലെ 1,400 മീറ്റർ ഉയരത്തിൽ നിന്നുള്ള ടേക്ക്- ഓഫ് പോയിന്റുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഇത്തരം രണ്ടാമത്തെ സ്ഥലമാണ്. പാരാഗ്ലൈഡിങ് പരിശീലനത്തിന്റെയും ഏരിയൽ അക്രോബാറ്റിക്സ് ഷോകളുടെയും കേന്ദ്രബിന്ദുവായ തുർക്കിയിലെ ഒലുഡെനിസ് മാത്രമാണ് നിലവിൽ തെഹ്രിയുടെ എതിരാളി.
ഇന്ത്യ, സൗദി അറേബ്യ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, ജർമനി, ഓസ്ട്രിയ, ലെബനൻ, തുർക്കി, സ്പെയിൻ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, ഇറാൻ, റഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, മംഗോളിയ, തായ്വാൻ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കുന്നു. അമേരിക്ക, കൊളംബിയ, ഫ്രാൻസ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും.
പ്രകൃതിസൗന്ദര്യവും സാഹസികതയും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച് ഉത്തരാഖണ്ഡിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡ് പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക യുവാക്കൾക്ക് പരിശീലനം സൗജന്യമായി നൽകുന്നു. പാരാഗ്ലൈഡിങ് സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നു. 100ലധികം വൈദഗ്ധ്യമുള്ള പാരാഗ്ലൈഡർമാരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം- ടൂറിസം സെക്രട്ടറി സച്ചിൻ കുർവെ പറഞ്ഞു.
പ്രാദേശിക യുവാക്കൾക്ക് സമഗ്ര പരിശീലനം നൽകുന്നതിന് പാരാഗ്ലൈഡിങ്ങിലെ വിദഗ്ധരായ പാരാഗ്ലൈഡിങ് മന്ത്ര എന്ന സ്ഥാപനവുമായി യുടിഡിബി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.