

തേജ് പ്രതാപ് യാദവ്
പറ്റ്ന: ആർജെഡി അധ‍്യക്ഷനും ബിഹാർ മുൻ മുഖ‍്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 3,61,000 രൂപയാണ് തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ അടയ്ക്കാനുള്ളത്.
പറ്റ്നയിലുള്ള സ്വകാര‍്യ വീടിന്‍റെ ബില്ലാണ് അടയ്‌ക്കേണ്ടത്. 2022 ജൂലൈ 20നാണ് തേജ് പ്രതാപ് യാദവ് അവസാനമായി 1,04,799 രൂപ പണം അടച്ചതെന്ന് വൈദ‍്യുതി വകുപ്പ് വ‍്യക്തമാക്കുന്നു. ആർജെഡിയിൽ നിന്നും പുറത്താക്കപ്പെടുകയും ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തതിനു പിന്നാലെയാണ് തേജ് പ്രതാപ് യാദവ് വീണ്ടും തിരിച്ചടി നേരിടാനൊരുങ്ങുന്നത്.