

നമാംശ് സ്യാൽ
ന്യൂഡൽഹി: മകന്‍റെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട നിമിഷം, അത് കാണാനായി യൂട്യൂബിലൂടെ പരുതുന്നതിനിടെ അച്ഛൻ കണ്ടത് മകന്‍റെ മരണ വാർത്ത... വെള്ളിയാഴ്ച ദുബായിൽ എയർ ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകർന്ന് വീണ് പൈലറ്റ് നമാംശ് സ്യാൽ മരിച്ച സംഭവം ഏറെ ഞെട്ടിക്കുന്നതായിരുന്നു. അച്ഛൻ മകന്‍റെ മരണ വാർത്ത അറിഞ്ഞത് യൂട്യൂബിലൂടെയാണെന്ന് ദേശിയ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
തന്‍റെ എയർ ഷോ ടിവിയിലോ യൂട്യൂബിലോ കാണണമെന്ന് നമാംശ് അച്ഛനോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. ഇത് പ്രകാരം യൂട്യൂബിൽ വീഡിയോ കാണാനെടുത്തതാണ് അച്ഛനായ റിട്ടേയ്ഡ് സ്കൂൾ പ്രിൻസിപ്പൽ ജഗൻ നാഥ് സ്യാൽ. അപ്പോഴാണ് അപകട വാർത്ത കാണുന്നത്. ഉടനെ തന്നെ വ്യാമസേനയിൽ വിങ് കമാഡറായ മരുമകളെ വിളിച്ചു. പിന്നാലെ തന്നെ വ്യോമസേന ഉദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ മകന് എന്തോ സംഭവിച്ചെന്ന് വ്യക്തമായതായി അച്ഛൻ പ്രതികരിച്ചെന്നാണ് റിപ്പോർട്ടുകൾ.
അച്ഛൻ ജഗൻ നാഥ് കുറച്ച് കാലം ഇന്ത്യൻ സേനയുടെ ഭാഗമായിരുന്നു. പിന്നീടാണ് സ്കൂൾ അധ്യാപകനായി മാറുന്നത്. സൈനിക സ്കൂളിലായിരുന്നു നാമാംശിന്‍റെ വിദ്യാഭ്യാസം. 2009 ലാണ് അദ്ദേഹം പ്രതിരോധ സേനയുടെ ഭാഗമാവുന്നത്. ഹിമാചൽ പ്രദേശിൽനിന്നുള്ള വിങ് കമാൻഡർ നമംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്.
അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. തേജസ് യുദ്ധ വിമാനങ്ങളുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് അപകടമുണ്ടാവുന്നത്.