
തേജസ്വി യാദവ്
പറ്റ്ന: സീറ്റ് വിഭജനത്തെച്ചൊല്ലി കടുത്ത ഭിന്നത നിലനിൽക്കെ ബിഹാറിൽ "ഇന്ത്യ' മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് ഉൾപ്പെടെ ഘടകകക്ഷി നേതാക്കൾ പങ്കെടുത്ത പത്ര സമ്മേളനത്തിലാണു പ്രഖ്യാപനം. വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സഹാനി ഉപമുഖ്യമന്ത്രി സ്ഥാനാർഥിയാകും. അധികാരം ലഭിച്ചാൽ മറ്റൊരു വിഭാഗത്തിൽ നിന്നു കൂടി ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നും പ്രതിപക്ഷ സഖ്യം.
സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതോടെ 12 സീറ്റുകളിൽ മഹാസഖ്യത്തിന്‍റെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന നിലയാണു ബിഹാറിൽ. സംയുക്തമായി നടത്താനിരുന്ന സ്ഥാനാർഥി പ്രഖ്യാപനം ഓരോ പാർട്ടിയും തനിച്ചു നടത്തുന്നതിലേക്കു മാറിയിരുന്നു. പ്രചാരണത്തിലും ഭിന്നത നിഴലിച്ചിട്ടുണ്ട്. ഇതിനിടെയാണു നേതാക്കൾ ഒരുമിച്ചെത്തി നടത്തിയ പത്രസമ്മേളനം. രണ്ടു ദിവസമായി പറ്റ്നയിലുള്ള മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്, ലാലു പ്രസാദ് യാദവുൾപ്പെടെ ആർജെഡി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണു സംയുക്ത പത്രസമ്മേളനത്തിനു വഴിതുറന്നത്. തേജസ്വിയെ നേതാവായി പ്രഖ്യാപിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ അനുമതിയോടെയാണെന്നു ഗെഹ്‌ലോട്ട്.
അതേസമയം, കോൺഗ്രസിൽ അതൃപ്തി രൂക്ഷമെന്നാണു സൂചന. മഹാസഖ്യത്തിന് അധികാരം ലഭിച്ചാൽ കോൺഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നു പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം അല്ലെങ്കിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായിരിക്കണം ഈ പദവിയിലെന്നും ഇവർ താത്പര്യപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇന്നലെ ഒരു പ്രഖ്യാപനവുമുണ്ടാകാത്തത് ബിഹാറിലെ കോൺഗ്രസ് നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയും പാർട്ടിയിൽ അതൃപ്തി പുകയുകയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി പ്രതിനിധി കൃഷ്ണ അല്ലവരുവിനെതിരേ ഇന്നലെ പറ്റ്നയിൽ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പ്രതിഷേധമുണ്ടായി. ബിഹാറിലെ കോൺഗ്രസിൽ പ്രവർത്തകരുടെ പരാതി ഉന്നയിക്കാൻ വേദിയില്ലെന്നു മുതിർന്ന നേതാവ് ആനന്ദ് മാധവ് പറഞ്ഞു. പറ്റ്നയിലെ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്താൻ ഒരു വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്.
അതേസമയം, ജെഡിയു നേതാവ് നിതീഷ് കുമാറിനെ ഇനി മുഖ്യമന്ത്രിയാക്കാൻ ബിജെപി തയാറാവില്ലെന്ന് തേജസ്വി യാദവ് പരിഹസിച്ചു. നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് അമിത് ഷാ പറയാത്തത് അതിനാലാണ്. എൻഡിഎയ്ക്ക് ബിഹാറിന്‍റെ വികസനത്തെക്കുറിച്ച് രൂപരേഖയോ ധാരണയോ ഇല്ല. മഹാസഖ്യത്തിന്‍റെ വാഗ്ദാനങ്ങൾ അവർ പകർത്തുകയാണ്. ഞങ്ങളുടെ ലക്ഷ്യം സർക്കാർ രൂപീകരണം മാത്രമല്ല, ബിഹാറിന്‍റെ പുനർനിർമാണം കൂടിയാണ്- തേജസ്വി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മഹാസഖ്യം മുന്നിലെത്തിയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഞങ്ങൾ നേതാവിനെ പ്രഖ്യാപിച്ചു. ഇനി എൻഡിഎയുടെ ഊഴമാണ്. ഭരണം കിട്ടിയാൽ ആരാണു മുഖ്യമന്ത്രിയാകുക എന്ന് അവർ പറയട്ടെയെന്നും ഖേര.
എൻഡിഎയ്ക്ക് അധികാരം ലഭിച്ചാൽ നിതീഷ് മുഖ്യമന്ത്രിയായി തുടരുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതു തീരുമാനിക്കുന്നത് താനല്ല, എംഎൽഎമാരാണെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, നിതീഷിന്‍റെ നേതൃത്വത്തിലാണ് എൻഡിഎ തെരഞ്ഞെടുപ്പു നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.