
തേജസ്വി യാദവ് പരുക്കേറ്റ ജീവനക്കാരെ സന്ദർശിക്കുന്നു
പറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ അകമ്പടി വാഹനത്തിൽ ട്രക്ക് ഇടിച്ചു കയറി. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തേജസ്വി സഞ്ചരിച്ചിരുന്ന വാഹനത്തിന് അപകടം സംഭവിച്ചിട്ടില്ല. മധേപുരയിലെ പൊതു പരിപാടിക്കു ശേഷം മടങ്ങുന്നതിനിടെ പറ്റ്ന- മുസാഫർപുരിലെ ദേശീയ പാതയിൽ വച്ചായിരുന്നു സംഭവം.
ചായ കുടിക്കാനായാണ് അൽപ സമയം വണ്ടി നിർത്തിയത്. തേജസ്വി സ്വന്തം വാഹനത്തിൽ നിന്നിറങ്ങി കുറച്ചകലേക്ക് നടന്നിരുന്നു. അതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായി ആർജെഡി വക്താവ് ചിത്തരഞ്ജൻ ഗാഗൻ വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
രണ്ട് വാഹനങ്ങളിൽ ട്രക്ക് ഇടിച്ചു കയറി. സുരക്ഷാ ജീവനക്കാർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.