
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38 ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ഗാന്ധി ഭവനിൽ വെച്ച് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്ക്രീം, എല്ലാ വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്, 18 വയസിന് മുകളിലുള്ള കോളെജിൽ പോകുന്ന വിദ്യാർഥികൾക്ക് ഇലക്‌ട്രിക് സ്കൂട്ടർ, എല്ലാ കോളെജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്.
ഇതിനു പുറമേ പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് എസ്സി-എസ്ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ 6 ലക്ഷം രൂപയും അതില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതി വീടുകൾവെച്ച് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സർക്കാർ തസ്തികളിലേക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാൽ ഉടൻ ഒബിസി സെൻസസ് പ്രഖ്യാപിക്കുമെന്നും പത്രികയിൽ ചൂണ്ടിക്കാട്ടുന്നു. പത്ത് പുതിയ ന്യൂനപക്ഷ ക്ഷേമബോർഡുകൾക്ക് കൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ 38 ഇന വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.